അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽ
ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. മുൻ വർഷങ്ങളിലെ രണ്ട് ഫൈനലിസ്റ്റുകളാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ഒർലാൻഡോ ക്യാമ്പിങ് വേൾഡ് സ്റ്റേഡിയത്തിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെ സൗദി പ്രോ ലീഗിലെ അൽ ഹിലാൽ നേരിടും.
ശനിയാഴ്ച രാവിലെ 6.30ന് ചെൽസിയും പാൽമിറാസും തമ്മിലും ഏറ്റുമുട്ടും. പി.എസ്.ജി-ബയേൺ മ്യൂണിക്, റയൽ മഡ്രിഡ്-ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരങ്ങളും നാളെ നടക്കും.
പ്രീക്വാർട്ടറിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് മറിച്ചിട്ടാണ് ഫ്ലുമിനൻസ് കടന്നത്. ഏറ്റവും ഒടുവിൽ ക്ലബ് ലോകകപ്പ് നടന്ന 2023ലെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോൽക്കുകയായിരുന്നു ഇവർ.
നിലവിലെ ചാമ്പ്യന്മാരായ സിറ്റിയെ മൂന്നിനെതിരെ നാല് ഗോളിന് പ്രീക്വാർട്ടറിൽ അട്ടിമറിച്ച് അവസാന എട്ടിലെത്തിയതിന്റെ ആവേശത്തിലാണ്. 2022ലെ ക്ലബ് ലോകകപ്പ് ഫൈനലിൽ റയലിനോട് പരാജയം രുചിച്ചവരാണിവർ. ബ്രസീലുകാരായ പാൽമിറാസിന് ചെൽസിയുയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കേണ്ടതുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ