ഡിയോഗോ ജോട്ട
മഡ്രിഡ്: ലിവർപൂളിന്‍റെ പോർച്ചുഗീസ് മുന്നേറ്റതാരം ഡിയോഗോ ജോട്ടയുടെ മരണവാർത്ത കണ്ണീരോടെയാണ് ഫുട്ബാൾ ലോകം കണ്ടത്. 28കാരനായ താരത്തിനൊപ്പം സഹോദരൻ ആന്ദ്രേ സിൽവക്കും കാറപകടത്തിൽ ജീവൻ നഷ്ടമായി. സ്പാനിഷ് പ്രവിശ്യയായ സമോറയിൽ പ്രാദേശിക സമയം രാത്രി 12.30ഓടെയാണ് ഡിയോഗോ ജോട്ട ഓടിച്ചിരുന്ന ലംബോർഗിനി കാർ നിയന്ത്രണംവിട്ട് അപകടമുണ്ടായത്.
മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡിൽനിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കത്തിയ കാറിൽനിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയും ദാരുണ ദുരന്തമുണ്ടാവുകയും ചെയ്തു. സെർനാഡില്ല മുനിസിപ്പാലിറ്റിയിലൂടെയുള്ള എ-52 ഹൈവേയിലാണ് കാർ കത്തിയമർന്നത്. അപകടത്തിനു പിന്നാലെ സ്പാനിഷ് സിവിൽ ഗാർഡും സമോറയിലെ അഗ്നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല.
പ്രീമിയർ ലീഗിലെ ലിവർപൂളിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ജോട്ട, നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തകർത്ത് കിരീടം നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു. കളിക്കളത്തിൽ മാത്രമല്ല, പുറത്തും അസാമാന്യ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജോട്ടയെന്ന് പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ തലവൻ പെഡ്രോ പ്രോൺസ പറഞ്ഞു. അമ്പതോളം അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ജോട്ടയെ എതിരാളികൾ പോലും ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അഞ്ച് ദിവസം മുമ്പാണ് ജൂട്ടയുടെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവർക്ക് മൂന്ന് കുട്ടികളുണ്ട്. 1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി.
2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരൻ 26കാരനായ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു. അപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായത് യുറോപ്യൻ ഫുട്ബാളിന് തീരാനഷ്ടമാണ്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ