
മുംബൈ: രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ ടീമിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. രോഹിത്തിന്റെ കീഴിൽ ഉപനായകസ്ഥാനം ഏറ്റെടുക്കാനുള്ള ഫ്രാഞ്ചൈസിയുടെ നിർദേശം പേസ് ബൗളർ ജസ്പ്രീത് ബുംറ നിരസിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയതോടെയാണ് മൂന്നുവർഷത്തെ ഇടവേളക്കുശേഷം രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. മുൻ താരം കീറോൺ പൊള്ളാർഡ് മുഖ്യ പരിശീലകന്റെ ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ നേതൃത്വത്തിന് കീഴിലാണ് മുംബൈ 2027ലെ ഐ.പി.എല്ലിനൊരുങ്ങുന്നത്.
ഒക്ടോബർ ആദ്യവാരത്തിലാണ് മുംബൈ ഇന്ത്യൻസിന്റെ ഉന്നത നേതൃത്വം ബുംറയെ സമീപിച്ചത്. അപ്പോഴേക്കും രോഹിത്തിനെ നായകനാക്കാനുള്ള തീരുമാനം മാനേജ്മെന്റ് എടുത്തിരുന്നു. എന്നാൽ, ഉപനായകസ്ഥാനം സ്വീകരിക്കാൻ ബുംറ തയാറായില്ല. വാഗ്ദാനം നിരസിക്കാനുള്ള കാരണമെന്തെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ മുൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ എന്നിവരെ മറികടന്നാണ് രോഹിത് നായകസ്ഥാനത്തെത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലെ നിരാശാജനകമായ പ്രകടനവും ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളും പരിഹരിക്കുകയെന്ന ലക്ഷ്യവും ഫ്രാഞ്ചൈസിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.
2026ലെ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ബുംറ ആദ്യമായി മുംബൈ ഇന്ത്യൻസിനെ നയിച്ചത്. ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും കളിക്കാതിരുന്ന മത്സരത്തിലായിരുന്നു താരത്തിന് നായകസ്ഥാനം ലഭിച്ചത്.
‘മുംബൈ ഇന്ത്യൻസിന്റെ നായകനാകുന്നതിന് മുമ്പ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകുമെന്ന് കരുതിയിരുന്നില്ല’ എന്നായിരുന്നു അന്ന് ബുംറയുടെ പ്രതികരണം.
2013ൽ മുംബൈ ഇന്ത്യൻസിലൂടെ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച ബുംറ ഇതുവരെ മറ്റൊരു ഫ്രാഞ്ചൈസിക്കുവേണ്ടിയും കളിച്ചിട്ടില്ല. രോഹിത്തിന് കീഴിൽ മുംബൈ നേടിയ അഞ്ച് ഐ.പി.എൽ കിരീടങ്ങളിലും പങ്കാളിയായ താരം 158 മത്സരങ്ങളിൽനിന്നായി 187 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2025ലെ മെഗാ താരലേലത്തിന് മുന്നോടിയായി 18 കോടി രൂപക്കാണ് ബുംറയെ മുംബൈ നിലനിർത്തിയത്.
അതേസമയം, അംബാനി കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് രോഹിത്തിന്റെ തിരിച്ചുവരവ്. വരാനിരിക്കുന്ന സീസണുമായി ബന്ധപ്പെട്ട് നിത അംബാനിയും ആകാശ് അംബാനിയുമായി നടത്തിയ ചർച്ചകൾ ആവേശകരമായിരുന്നുവെന്നും ടീമിന് ഒരുമിച്ച് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകുമെന്ന് വിശ്വാസമുണ്ടെന്നും രോഹിത് പ്രതികരിച്ചു.
ഐ.പി.എല്ലിന്റെ ഇരുപതാം സീസണിൽ രോഹിത് വീണ്ടും മുംബൈയെ നയിക്കുന്നത് സവിശേഷ നിമിഷമാണെന്ന് നിത അംബാനിയും വ്യക്തമാക്കി. ഐ.പി.എല്ലിൽ നായകനെന്ന നിലയിൽ ശ്രദ്ധേയമായ റെക്കോഡുള്ള രോഹിത് 158 മത്സരങ്ങളിൽ ടീമിനെ നയിച്ചപ്പോൾ 87 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിൽ 281 മത്സരങ്ങളിൽനിന്നായി 7,329 റൺസും താരത്തിന്റെ സമ്പാദ്യമാണ്.
