Cricket

‘ടീമിനെ തെരഞ്ഞെടുക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമല്ല’; സിറാജിനെ ഒഴിവാക്കിയതിൽ തെറ്റില്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച്



വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊടക്. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായി കരുതുന്നില്ലെന്നും അഞ്ച് ദിവസത്തെ മത്സരസാഹചര്യങ്ങൾ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും കൊടക് വ്യക്തമാക്കി. ഒന്നാം ദിനം ന്യൂസീലൻഡിന്റെ ആദ്യ അഞ്ച് വിക്കറ്റുകൾ 70 റൺസിനിടെ വീഴ്ത്തിയിട്ടും പിന്നീട് ഒരു വിക്കറ്റ് പോലും നേടാൻ ഇന്ത്യക്ക് കഴിയാതിരുന്നതോടെയാണ് ടീം തെരഞ്ഞെടുപ്പിനെതിരായ വിമർശനം ശക്തമായത്.

വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റിൽ സിറാജിനെ ഒഴിവാക്കി അംശുൽ കാംബോജിനാണ് ഇന്ത്യ അവസരം നൽകിയത്. ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർക്കൊപ്പം കാംബോജിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ ചോദ്യംചെയ്തിരുന്നു. ഇന്ത്യയെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലാത്ത സിറാജിനെ എന്തിനാണ് ഒഴിവാക്കിയതെന്നായിരുന്നു ഗാവസ്കറുടെ ചോദ്യം. ഇതിന് പിന്നാലെയാണ് ആദ്യദിനത്തിലെ കളി അവസാനിച്ചശേഷം കൊടക് ടീം മാനേജ്മെന്റിന്റെ നിലപാട് വിശദീകരിച്ചത്.

‘സിറാജിന് ഒരു പ്രശ്നവുമില്ല. ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ഇതാണ് ഏറ്റവും മികച്ച ഇലവനെന്ന് ഞങ്ങൾക്ക് തോന്നി. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് കരുതുന്നില്ല. ഇത് മത്സരത്തിന്റെ ആദ്യ ദിവസം മാത്രമാണ്. ഒന്നാം ദിവസത്തെ സാഹചര്യം മാത്രം നോക്കിയല്ല ടീമിനെ തെരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും നാലും ദിവസങ്ങളിലെ സാഹചര്യം കൂടി പരിഗണിക്കണം’ -കൊടക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദ്യദിനത്തിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കി ടീമിന്റെ തെരഞ്ഞെടുപ്പ് ശരിയോ തെറ്റോ എന്ന് വിലയിരുത്താനാകില്ലെന്ന നിലപാടാണ് ഇന്ത്യൻ കോച്ച് സ്വീകരിച്ചത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിച്ചിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും ബോളർമാരുടെ കഴിവുകളും പരിഗണിച്ചാണ് ടീമിനെ നിശ്ചയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സിറാജിനെ കൂടാതെ പരിചയസമ്പന്നനായ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതും ശ്രദ്ധ നേടിയിരുന്നു. ജഡേജക്ക് പകരം വാഷിങ്ടൺ സുന്ദറിനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ന്യൂസീലൻഡിന്റെ മുൻനിരയിൽ നാല് ഇടംകൈയൻ ബാറ്റർമാരുള്ളതാണ് ഈ തീരുമാനത്തിന് കാരണമെന്ന് കൊടക് വ്യക്തമാക്കി.

ഇടംകൈയൻ ബാറ്റർമാർക്കെതിരെ ഓഫ് സ്പിന്നറായ സുന്ദറിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഈ ടെസ്റ്റിന് ഏറ്റവും അനുയോജ്യമായ ബോളിങ് നിരയെയാണ് ഇന്ത്യ തെരഞ്ഞെടുത്തതെന്നും കൊടക് പറഞ്ഞു.

അംശുൽ കാംബോജിന്റെ ബോളിങ് വേഗത്തെച്ചൊല്ലിയുള്ള വിമർശനങ്ങളും അദ്ദേഹം തള്ളി. മത്സരത്തിൽ മണിക്കൂറിൽ 126 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിലാണ് കാംബോജ് പന്തെറിഞ്ഞത്. എന്നാൽ, വേഗം മാത്രം അടിസ്ഥാനമാക്കി ബോളറുടെ മികവ് വിലയിരുത്തേണ്ടതില്ലെന്നാണ് കൊടക്കിന്റെ അഭിപ്രായം. മൂന്നാമത്തെ സ്പെല്ലിലാണ് വേഗത്തിന് കൂടുതൽ പ്രസക്തിയുള്ളതെന്നും കാംബോജിന്റെ വേഗത്തിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റൺസ് വഴങ്ങിയതിന്റെ പേരിൽ പ്രസിദ്ധ് കൃഷ്ണയെ വിമർശിക്കുന്നതും ശരിയല്ലെന്ന് കൊടക് പറഞ്ഞു. ആക്രമണോത്സുകമായി പന്തെറിയുന്ന ബോളറാണ് പ്രസിദ്ധ്. അത്തരം ബോളർമാർ ചിലപ്പോൾ കൂടുതൽ റൺസ് വഴങ്ങും. വിക്കറ്റ് നേടുമ്പോൾ അഭിനന്ദിക്കുകയും റൺസ് വഴങ്ങുമ്പോൾ വിമർശിക്കുകയും ചെയ്യുന്നത് നീതിയുക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒന്നാം ദിനം മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ മൂന്നാം പന്തിൽതന്നെ ന്യൂസീലൻഡ് നായകൻ ടോം ലാഥത്തെ ബുമ്ര ക്ലീൻ ബൗൾഡാക്കി. പിന്നാലെ ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ എന്നിവരും മടങ്ങിയതോടെ ന്യൂസീലൻഡ് 70 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായി.

എന്നാൽ, ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻറി നിക്കോൾസും ഗ്ലെൻ ഫിലിപ്സും ഇന്ത്യൻ ബോളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇരുവരും ചേർന്ന് പുറത്താകാതെ 173 റൺസ് കൂട്ടിച്ചേർത്തതോടെ ആദ്യദിനം ന്യൂസീലൻഡ് അഞ്ചിന് 243 എന്ന നിലയിലെത്തി. 113 റൺസുമായി നിക്കോൾസും 94 റൺസുമായി ഫിലിപ്സും ക്രീസിലുണ്ട്.

ആദ്യ സെഷനിൽ ബുമ്രയുടെ നേതൃത്വത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പേസ് നിരക്ക് പിന്നീട് ആധിപത്യം നിലനിർത്താനായില്ല. പന്തിന്റെ തിളക്കം നഷ്ടപ്പെട്ടതോടെ ബോളർമാർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും കുറഞ്ഞു. ആദ്യ അഞ്ച് വിക്കറ്റുകളിൽ മൂന്നെണ്ണം ബുമ്ര വീഴ്ത്തിയപ്പോൾ ആകാശ് ദീപും കാംബോജും ഓരോ വിക്കറ്റ് നേടി. എന്നാൽ, അവസാന രണ്ട് സെഷനുകളിലായി ന്യൂസീലൻഡിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

പിച്ചിലെ ഈർപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറഞ്ഞതാണ് ബോളർമാർക്ക് തിരിച്ചടിയായതെന്ന് കൊടക് വിശദീകരിച്ചു. വെയിലുള്ള കാലാവസ്ഥയിൽ പിച്ചിന്റെ സ്വഭാവം മാറിയെന്നും പുതിയ പന്തിൽ ലഭിച്ച ആനുകൂല്യം പിന്നീട് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ന്യൂസീലൻഡ് ബാറ്റർമാരുടെ പ്രകടനത്തെയും കൊടക് അഭിനന്ദിച്ചു. സാഹചര്യങ്ങളോട് മികച്ച രീതിയിൽ പൊരുത്തപ്പെട്ടാണ് നിക്കോൾസും ഫിലിപ്സും ബാറ്റ് ചെയ്തതെന്നും അനാവശ്യ സാഹസങ്ങൾക്ക് മുതിരാതെ ഇന്ത്യൻ ബോളർമാരെ നേരിട്ട ഇരുവരും പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സിറാജിനെ പുറത്തിരുത്തിയ തീരുമാനത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾ തുടരുമ്പോഴും ടീം തെരഞ്ഞെടുപ്പിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യൻ മാനേജ്മെന്റ്. എന്നാൽ, ആദ്യദിനം നേടിയെടുത്ത മുൻതൂക്കം നഷ്ടപ്പെടുത്തിയ സാഹചര്യത്തിൽ രണ്ടാം ദിനം ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനം നിർണായകമാകും.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.