
കായിക പ്രേമികളെ തന്റെ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച മറ്റൊരു ഏഴാം നമ്പറുകാരൻ കൂടി കളിക്കളത്തോട് വിടപറഞ്ഞിരിക്കുന്നു. ഫുട്ബാൾ മൈതാനങ്ങളിൽ അതിശയകരമായ പ്രകടനങ്ങൾ കാഴ്ച വെച്ച മദീരയുടെ രാജകുമാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എം.എസ് ധോണിയെന്ന ഇതിഹാസ നായകനും കളം വിടുന്നത്.
18 വർഷങ്ങളോളം ചെന്നൈയുടെ മഞ്ഞ കുപ്പായത്തിൽ കളം നിറഞ്ഞാടിയ ധോണി മൈതാനത്തും ആരാധകരുടെ മനസിലും ഓർമ്മകൾ ബാക്കി വെച്ചാണ് ഐ.പി.എല്ലിലെ തന്റെ കളിക്ക് ഫുൾ സ്റ്റോപ്പിട്ടത്. പരിക്കുകൾ അലട്ടിയ കഴിഞ്ഞ സീസൺ മുതൽ ഈ പടിയിറക്കം ഓരോ ആരാധകനും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, ഒരു വിടവാങ്ങൽ മത്സരം പോലുമില്ലാതെ അയാൾ കളം വിടുന്നുവെന്നത് തലയെ നെഞ്ചിലേറ്റിയ ആരാധകരെ വിഷമിപ്പിക്കുന്നതാണ്.
2020ൽ അന്താരാഷ്ട്ര കരിയറും ധോണി വളരെ അപ്രതീക്ഷിതമായി തന്നെയാണ് അവസാനിപ്പിച്ചത്. പക്ഷേ, ഐ.പി.എല്ലിൽ തുടർന്നും കളിക്കുമെന്നത് ആരാധകർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ, അങ്ങനെ ഒരു പ്രതീക്ഷ ബാക്കിയില്ല.
ചെന്നൈയെ ഇതിഹാസ പദവിയിലേക്ക് നയിച്ച നായകൻ കളിക്കാരന്റെ റോളിൽ ഇല്ലെന്നത് സി.എസ്.കെ ആരാധകനും സങ്കല്പിക്കാനാവാതാണ്. 2008ലെ പ്രഥമ സീസൺ തൊട്ട് വിസിൽ പോട് ആർമിക്കൊപ്പമുള്ള ധോണി ടീമിനെ വിജയങ്ങളിലേക്കും കിരീടങ്ങളിലേക്കും നയിച്ചു. ടൂർണമെന്റിലെ തന്നെ മികച്ച ടീമുകളിൽ ഒന്നാക്കി സി.എസ്.കെ മാറ്റിയതോടെ ഒരു ഇതിഹാസ പുരുഷനാക്കി താരത്തെ മാറ്റുകയായിരുന്നു.
ഐ.പി.എല്ലിൽ സി.എസ്.കെയെ അഞ്ച് തവണ ചാമ്പ്യനാക്കിയ ധോണി നായക പദവി ഒഴിഞ്ഞപ്പോൾ തന്നെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ്. എന്നാൽ, അവർ ഓരോ മത്സരങ്ങളിലും അയാളുടെ വരവിനായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പ്രകടനങ്ങൾ ചെന്നൈയുടെ ആരാധക പട ആവേശത്തോടെ ആഘോഷിച്ചു. ബാറ്റിങ്ങിനായി ഫീൽഡിലേക്ക് നടന്നെത്തുന്നതിനായിരുന്നു തുടക്കം മുതലേ അവരുടെ കാത്തിരിപ്പുകൾ.
പിന്നീട് പരിക്കുകൾ അദ്ദേഹത്തെ തളർത്തിയപ്പോളും ഈ വരവിനായി തന്നെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിന് പോലും ഇറങ്ങാതിരുന്നപ്പോഴും ആരാധകർക്ക് അവരുടെ തല തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒരിക്കൽ കൂടി ആ കളി കാണാൻ സാധിക്കുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷകളത്രയും.
എന്നാൽ, അതിന് ഒരു അവസരം നൽകാതെ ധോണി കളിക്കാരന്റെ കുപ്പായം അഴിച്ച് വെക്കുകയാണ്. ചെന്നൈക്ക് അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും സമ്മാനിച്ചാണ് താരം പടിയിറങ്ങുന്നത്. അതിലേറെ എക്കാലവും മായാതിരിക്കുന്ന ഒരുപിടി ഓർമകളും നൽകിയാണ് കളിക്കാരന്റെ റോൾ അവസാനിപ്പിക്കുന്നത്. ഉടമ എൻ. വിശ്വനാഥ് പറഞ്ഞത് പോലെ ധോണിയില്ലാതെ സി.എസ്.കെയില്ല. ചെന്നൈയുടെ പ്രതാപ കളം മൊത്തം അയാൾക്ക് കീഴിലായിരുന്നു.
ചെന്നൈ എന്നാൽ എന്നും അത് ധോണിയാണ്. നന്ദി ധോണി, മഞ്ഞ കുപ്പായത്തിൽ കാഴ്ച വെച്ച മാസ്മരിക പ്രകടനങ്ങൾക്ക്, എക്കാലവും ഓർത്ത് വെക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ചതിന്. നിങ്ങളെ ഫീൽഡ് മിസ് ചെയ്യും, തീർച്ച.
