
ന്യൂഡൽഹി: ക്രിക്കറ്റ് കരിയറിലും വ്യക്തിജീവിതത്തിലും ഒരേസമയം സന്തോഷവാർത്തയുമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. നടിയും മോഡലുമായ സമ്രീൻ കൗറുമായുള്ള വിവാഹനിശ്ചയ വാർത്തയാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിൽനിന്ന് മുംബൈ ഇന്ത്യൻസിലേക്കുള്ള അർഷ്ദീപിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പുതിയ വിശേഷവും പുറത്തുവന്നത്.
സമ്രീനോട് വിവാഹാഭ്യർഥന നടത്തുന്നതിന്റെയും മോതിരം അണിയിക്കുന്നതിന്റെയും ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ജീവിതം സമ്മാനിച്ച എല്ലാ കാര്യങ്ങളിലും എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് നമ്മൾ പരസ്പരം കണ്ടെത്തിയതാണ്. ഇനി ജീവിതകാലം മുഴുവൻ ഒരുമിച്ച്. 11.11.2026. ഹായ് ഫിയാൻസി’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം സമ്രീൻ കുറിച്ചത്.
പോസ്റ്റ് പുറത്തുവന്നതോടെ ആരാധകരും ക്രിക്കറ്റ് താരങ്ങളും ആശംസകളുമായെത്തി. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇരുവർക്കും ആശംസ നേർന്നു. ‘അഭിനന്ദനങ്ങൾ, ദൈവം നിങ്ങളിരുവരെയും അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു ഹാർദിക്കിന്റെ കമന്റ്. മുംബൈ ഇന്ത്യൻസും അർഷ്ദീപിന്റെയും സമ്രീന്റെയും വിവാഹനിശ്ചയത്തിൽ സന്തോഷം പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു.
ജൂലൈ 26നാണ് സമ്രീനുമായുള്ള പ്രണയബന്ധം അർഷ്ദീപ് ആദ്യമായി പരസ്യമാക്കിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ‘മൈ പേഴ്സൺ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചാണ് താരം ആരാധകർക്ക് സമ്രീനെ പരിചയപ്പെടുത്തിയത്. ഇതിനുമുമ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലും പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തിയതിനെ തുടർന്ന് പ്രണയബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ജമ്മു കശ്മീർ സ്വദേശിയായ സമ്രീൻ കൗർ അഭിനയത്തിലും മോഡലിങ്ങിലും സജീവമാണ്. ‘83’, ‘സർദാർ ജി 2’ തുടങ്ങിയ സിനിമകളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അർഷ്ദീപിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നപ്പോൾ സമ്രീൻ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വന്തം അധ്വാനത്തിലൂടെയാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടിയതെന്നും 17ാം വയസ്സുമുതൽ ജോലി ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
അതേസമയം, 2027 ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള വമ്പൻ താരക്കൈമാറ്റത്തിലാണ് അർഷ്ദീപ് മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈ നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറുമ്പോൾ അർഷ്ദീപ് മുംബൈയുടെ ഭാഗമാകും. 18 കോടി രൂപക്കാണ് അർഷ്ദീപിന്റെ കൂടുമാറ്റം. എട്ട് സീസണുകളിലായി പഞ്ചാബിനുവേണ്ടി കളിച്ച താരത്തിന്റെ കരിയറിലെ പുതിയ അധ്യായം കൂടിയാണിത്.
മുംബൈ ഇന്ത്യൻസിലെത്തിയതിന്റെയും വിവാഹനിശ്ചയത്തിന്റെയും സന്തോഷം ഒരേ ദിവസം പങ്കുവെക്കാനായതോടെ നവംബർ 11 അർഷ്ദീപിന് ഏറെ പ്രത്യേകതയുള്ള ദിവസമായി മാറി.
