അഭിഷേക് ശർമയ്‌ക്ക് റെക്കോർഡ്; മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 224 റൺസ് വിജയലക്ഷ്യം



ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ 20 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിൽ തിളങ്ങിയത്. ഇതിനിടെ അന്താരാഷ്ട്ര ട്വന്റി20യിൽ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 2,000 റൺസ് തികയ്ക്കുന്ന താരമെന്ന ലോകറെക്കോർഡും അഭിഷേക് ശർമ സ്വന്തമാക്കി. 1,024 പന്തുകളിൽ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. 1,164 പന്തുകളിൽ നിന്ന് 2,000 റൺസ് തികച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ റെക്കോർഡാണ് അഭിഷേക് പഴങ്കഥയാക്കിയത്. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 6 പന്തിൽ 3 റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. എന്നാൽ തുടർന്നെത്തിയ ഇഷാൻ കിഷനുമായി ചേർന്ന് അഭിഷേക് ശർമ തകർത്തടിച്ചു. വെറും 40 പന്തിൽ നിന്ന് 108 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പങ്കിട്ടത്.എന്നാൽ മിഡിൽ ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇൻഡീസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. റണ്ണൗട്ടുകളിലൂടെ ഇന്ത്യ വരുത്തിവെച്ച പിഴവുകളും സ്കോറിങ്ങിന് തിരിച്ചടിയായി. വിൻഡീസിനായി റോസ്റ്റൺ ചേസ്, ഷമർ ജോസഫ്, ഷമർ സ്പ്രിംഗർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



© Madhyamam