
ന്യൂഡൽഹി: നാലു വർഷത്തെ ഇടവേളക്കു ശേഷം ഭുവനേശ്വർ കുമാറിന് ദേശീയ ടീമിൽ നിന്നും വിളിയെത്തിയ വാർത്തക്കു പിന്നാലെ മറ്റൊരു വെറ്ററൻ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രതീക്ഷകളും സജീവമാകുന്നു. ഭുവി നീണ്ട വർഷങ്ങളുടെ ഇടവേളക്കു ശേഷമാണ് തിരിച്ചുവരുന്നതെങ്കിൽ, 2025 ഫെബ്രുവരി-മാർച്ചിലാണ് ഷമി അവസാനമായ ഏകദിനവും ട്വന്റി20യും കളിച്ചത്.
പരിക്കുകാരണം ദീർഘകാലം പുറത്തിരുന്ന ഷമി 2025 ചാമ്പ്യൻസ് ട്രോഫി ടീമിൽ തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ടീമിൽ ഇടം ഉറപ്പിക്കാനായില്ല. ഐ.പി.എല്ലിൽ ശ്രദ്ധേയ പ്രകടനം നടത്തിയില്ലെങ്കിലും രഞ്ജി ട്രോഫി, വിജയ് ഹസാരെ എന്നീ ചാമ്പ്യൻഷിപ്പുകളിൽ ഷമി നടത്തിയ ബൗളിങ് മികവിന് ബി.സി.സി.ഐ ചെവികൊടുത്തില്ല.
കഴിഞ്ഞ രഞ്ജി സീസണിൽ ഏഴ് കളിയിൽ 37 വിക്കറ്റ്. വിജയ് ഹസാരെയിൽ 15ഉം, സെയ്ദ് മുഷ്താഖ് ട്രോഫിയിൽ 16ഉം വിക്കറ്റുകൾ. കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനെ വിജയത്തിലെത്തിച്ച ഏഴ് വിക്കറ്റ് പ്രകടനം. ട്വന്റി 20യിൽ തിരിച്ചുവരവിന് അവസരമില്ലെങ്കിലും, 2027 ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ഒരുങ്ങുന്ന ടീമിലേക്ക് അവസരം കാത്തിരിക്കുകയാണ് 36 കാരനായ ബംഗാൾ പേസർ.
