'പി.സി.ബിയിൽ നിന്നും അകന്നുനിൽക്കാൻ ഉമ്മ പറഞ്ഞിട്ടുണ്ട്'; പാക് ചീഫ് സെലക്ടർ ആകുമെന്ന വാർത്തകൾ തള്ളി ശുഐബ് അക്തർ



ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) ചീഫ് സെലക്ടർ സ്ഥാനത്തേക്ക് താൻ എത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി മുൻ ഇതിഹാസ പേസർ ശുഐബ് അക്തർ. പി.സി.ബിയിൽ ഏതെങ്കിലും തരത്തിലുള്ള പദവികൾ ഏറ്റെടുക്കാൻ തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും, പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ‘റാവൽപിണ്ടി എക്സ്പ്രസ്’ വ്യക്തമാക്കി.

പി.സി.ബിയിൽ നിന്നും പാകിസ്താൻ രാഷ്ട്രീയത്തിൽ നിന്നും അകന്നുനിൽക്കാൻ ഉമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആ ഉപദേശം താൻ കർശനമായി പാലിക്കുമെന്നും ഒരു ടെലിവിഷൻ പരിപാടിക്കിടെ അക്തർ തുറന്നുപറഞ്ഞു.

“ഇത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ല, എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ഞാൻ പി.സി.ബിയിലേക്ക് പോകാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. ചീഫ് സെലക്ടർ ആകുമെന്ന വാർത്തകൾ വ്യാജമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ പുരോഗതി മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി ഔദ്യോഗിക പദവികളിൽ ഇരിക്കണമെന്നില്ല, മറ്റു പല വഴികളിലൂടെയും എനിക്ക് പാക് ക്രിക്കറ്റിനെ സേവിക്കാൻ കഴിയും,” അക്തർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ 0-3ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചുപണി നടക്കുമെന്നും, അക്തർ ചീഫ് സെലക്ടറായേക്കുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടീമിന്റെ മാറ്റങ്ങളെക്കുറിച്ച് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി അക്തർ ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, താൻ ഇപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അമേരിക്കയിലെ ഹൂസ്റ്റണിലാണെന്നും നഖ്‌വിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അക്തർ വ്യക്തമാക്കി.



© Madhyamam