ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ പുതിയ മലയാളി മുഖമായി സഞ്‌ജു സജീവ്



മസ്കത്ത്: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒമാൻ ദേശീയ ടീമിൽ വീണ്ടും ഒരു മലയാളി താരം ഇടം നേടി. തന്റെ രണ്ടാം മത്സരത്തിൽ തന്നെ അർധ ശതകം നേടി വരവറിയിച്ച സഞ്‌ജു സജീവ് ആണ് ഒമാനിലെ മലയാളികൾക്ക് അഭിമാനതാരമായി മാറിയത്. അരുൺ പൗലോസും സിൻഡോ മൈക്കേലും സനുത്ത് ഇബ്രാഹിമും വിരമിച്ച ശേഷം ഇതാദ്യമായാണ് മറ്റൊരു മലയാളി താരം ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

തൊടുപുഴ ക്രിക്കറ്റ് അക്കാദമി, എറണാകുളം ക്രിക്കറ്റ് അക്കാദമി എന്നിവയിൽ നിന്ന് ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ സ്വായത്തമാക്കിയ സഞ്ജു, ഒമാനിലെ ആദ്യ മലയാളി ദേശീയ താരം അരുൺ പൗലോസിന്റെ കീഴിൽ റോയൽ മാസ്റ്റേഴ്സ് ക്ലബിൽ എത്തിയതോടു കൂടിയാണ് ഉന്നതങ്ങളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. അരുൺ പൗലോസ് തന്നെയാണ് സഞ്ജുവിന്റെ ഒമാനിലേക്കുള്ള യാത്രക്കും കാരണക്കാരനായത്.

കേരളത്തിന് വേണ്ടി അണ്ടർ 13, 16, 19 ടീമുകളിൽ കളിച്ചിട്ടുള്ള സഞ്ജു സ്കൂൾ നാഷനൽസിനും യൂണിവേഴ്സിറ്റിക്കും വേണ്ടി പാഡ് അണിഞ്ഞിട്ടുണ്ട്. അണ്ടർ 25 ക്യാമ്പിന് ശേഷമാണ് ഓമനിലേക്കുള്ള യാത്ര തരപ്പെടുന്നത്. ഒമാനിൽ എത്തിയത് മുതൽ മുൻ കേരളാ രഞ്ജി താരവും ഒമാനിലെ പ്രശസ്ത കോച്ചുമായ പ്രശാന്ത് ചന്ദ്രന്റെ ശിക്ഷണത്തിൽ പ്രീമിയർ ഡിവിഷൻ മുൻനിര ടീമായ യല്ല ശബാബിന്റെ താരമാണ്.

ആഭ്യന്തര മത്സരത്തിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്. ആഭ്യന്തര ക്രിക്കറ്റിൽ 82 മത്സരങ്ങളിൽ നിന്നായി 851 റൺസും 37 വിക്കറ്റും നേടിയിട്ടുള്ള ഈ ബാറ്റിംഗ് ഓൾ റൗണ്ടർ മികച്ച ഒരു ഫീൽഡർ കൂടിയാണ്.

യു.എ.ഇയുമായുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 15 റൺസ് എടുത്ത് പുറത്താവാതെ നിന്ന സഞ്ജു ഹോങ്കോങ്ങുമായുള്ള തന്റെ രണ്ടാം മത്സരം 59 റൺസ് നേടി അവിസ്മരണീയമാക്കി. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസൺ അടിച്ച് തകർക്കുമ്പോൾ ഒമാന് വേണ്ടി സഞ്ജു സജീവ് കൂടുതൽ തിളങ്ങുന്നത് കാണാൻ ഒമാനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നു.



© Madhyamam