
ആഡംബരങ്ങൾ ഒഴിവാക്കി സാധാരണക്കാരനായി മെട്രോയിൽ യാത്ര ചെയ്യുന്ന മുൻ ഇന്ത്യൻ സ്റ്റാർ പേസർ ജവഗൽ ശ്രീനാഥിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ചിത്രമാണ് നിമിഷനേരം കൊണ്ട് നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പണവും പ്രശസ്തിയും ഏറെയുണ്ടെങ്കിലും ജീവിതത്തിൽ പുലർത്തുന്ന ലാളിത്യമാണ് ശ്രീനാഥിനെ വ്യത്യസ്തനാക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രശംസ.
നീല ഷർട്ടും ഡെനിം ജീൻസും ധരിച്ച്, ഒരു കയ്യിൽ ട്രോളി ബാഗുമായി മെട്രോ കോച്ചിന്റെ ഒരു കോണിൽ നിൽക്കുന്ന ശ്രീനാഥാണ് ചിത്രത്തിലുള്ളത്. നിലവിൽ ഐ.സി.സി മാച്ച് റഫറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ പെരുമാറ്റം നിരവധി പേരെയാണ് ആകർഷിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ജവഗൽ ശ്രീനാഥ്. 1991 മുതൽ 2002 വരെയുള്ള കാലയളവിൽ 67 ടെസ്റ്റുകളിൽ നിന്ന് 236 വിക്കറ്റുകൾ നേടി. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പത്താമത്തെ ബൗളറാണ്. 229 ഏകദിനങ്ങളിൽ നിന്ന് 315 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവും പേസർമാരിൽ ഒന്നാമനുമാണ്. 1992, 1996, 1999, 2003 എന്നീ നാല് ഏകദിന ലോകകപ്പുകളിൽ ഇന്ത്യക്കായി പന്തെറിഞ്ഞു. 296 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 551 വിക്കറ്റുകളാണ് ശ്രീനാഥിന്റെ സമ്പാദ്യം.
ക്രിക്കറ്റ് ഗ്രൗണ്ടിൽ എതിരാളികളെ വിറപ്പിച്ച താരം ജീവിതത്തിൽ കാണിക്കുന്ന ഈ വിനയവും ലാളിത്യവുമാണ് ആരാധകർക്കിടയിൽ അദ്ദേഹത്തെ വീണ്ടും പ്രിയങ്കരനാക്കുന്നത്.
