റയൽ മാഡ്രിഡിൽ പ്രതിസന്ധി; കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും തമ്മിൽ അസ്വാരസ്യം
എൽ ചിരിൻഗിറ്റോ ടിവിയുടെ പുതിയ റിപ്പോർട്ട് പ്രകാരം റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പയും വിനീഷ്യസ് ജൂനിയറും തമ്മിൽ യാതൊരുവിധ ആശയവിനിമയവുമില്ല. ടീമിലെ ഡ്രസിംഗ് റൂമിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷാബി അലോൺസോയെ പുറത്താക്കിയതിന് പിന്നിൽ വിനീഷ്യസിന്റെ ഇടപെടലുകൾ ഉണ്ടെന്ന് എംബാപ്പെ വിശ്വസിക്കുന്നു. അലോൺസോയുടെ പുറത്താകലിന് ശേഷം ടീമിന്റെ പ്രകടനത്തിൽ വലിയ ഇടിവ് സംഭവിച്ചതായും എംബാപ്പെ കരുതുന്നു.
ഡ്രസിംഗ് റൂമിൽ ഒറ്റപ്പെട്ടതായി അനുഭവപ്പെടുന്ന എംബാപ്പെക്ക് നിലവിലെ പരിശീലകൻ അൽവാരോ അർബലോയുമായും മികച്ച ബന്ധമല്ല ഉള്ളത്.
തന്നെ ഒരു താരമായി പരിഗണിക്കാൻ പരിശീലകൻ തയ്യാറാകുന്നില്ലെന്ന് ഫ്രഞ്ച് സൂപ്പർ താരം വിശ്വസിക്കുന്നു. കാസ്റ്റില്ല പരിശീലകനേക്കാൾ മികച്ച കോച്ചാണ് അലോൺസോ എന്നും എംബാപ്പെ അഭിപ്രായപ്പെടുന്നു.
ടീമിലെ സമീപകാല പ്രതിസന്ധികൾക്കിടയിൽ തന്നെ വില്ലനായി ചിത്രീകരിക്കാൻ വിനീഷ്യസ് ശ്രമിക്കുന്നതായി എംബാപ്പെയുടെ മാനേജ്‌മെന്റ് ടീം കരുതുന്നു.
