ഫിറ്റ്‌നസ് ആശങ്കകൾക്കിടയിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ; പരിചയസമ്പത്തിൽ വിശ്വാസമർപ്പിച്ച് അഞ്ചലോട്ടി


79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് 34 വയസ്സുകാരനായ നെയ്മർ. 2023 ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം താരത്തിന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ പ്രയാസമായിരുന്നു. ഈ വർഷം സാന്റോസിന് വേണ്ടി എട്ടു മത്സരങ്ങളിൽ കളിച്ച നെയ്മർ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

“നെയ്മർ ശാരീരികക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ അവൻ നിർണ്ണായകമായ ഒരു കളിക്കാരനായിരിക്കും,” റിയോ ഡി ജനീറോയിൽ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു.

“ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപായി അവന് കൂടുതൽ മികച്ച ഫിറ്റ്നസ് കൈവരിക്കാൻ സാധിക്കും,” ആൻസലോട്ടി കൂട്ടിച്ചേർത്തു.

“ഇത്തരം വലിയ ടൂർണമെന്റുകളിൽ കളിച്ചുള്ള പരിചയസമ്പത്ത് അവനുണ്ട്. ടീമിലെ എല്ലാവർക്കും അവനെ ഇഷ്ടമാണ്, മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറിന് കഴിയും.”

ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നെയ്മർ തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ മാറ്റം വരുത്തിയിരുന്നു. താൻ നിലവിൽ കളിക്കുന്ന ക്ലബ്ബായ സാന്റോസിനൊപ്പം ബ്രസീൽ എന്നുകൂടി താരം ചേർത്തു.

വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ എന്നിവരടക്കം സമീപകാലത്തെ പ്രധാന കളിക്കാരെല്ലാം 26 അംഗ ബ്രസീൽ ടീമിലുണ്ട്.

2025 മെയ് മാസത്തിൽ ചുമതലയേറ്റ ആൻസലോട്ടി തിങ്കളാഴ്ച വരെ നെയ്മറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞയാഴ്ച ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനുമായുള്ള കരാർ 2030 ലോകകപ്പ് വരെ ആൻസലോട്ടി നീട്ടിയിരുന്നു. എന്നാൽ പല പ്രധാന കളിക്കാരും പരിക്കുമൂലം പുറത്തായതിനാൽ പരിശീലകന് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. റോഡ്രിഗോ, എസ്റ്റേവാവോ തുടങ്ങിയ താരങ്ങളുടെ അഭാവം നോർത്ത് അമേരിക്കയിൽ ടീമിനെ ബാധിച്ചേക്കാം.

ജൂൺ 13-ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സി-യിൽ ഹെയ്തിയും സ്കോട്ട്ലൻഡുമാണ് ബ്രസീലിന്റെ മറ്റ് എതിരാളികൾ.

2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീം

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (ഫെനർബാച്ചെ), വെവർട്ടൺ (ഗ്രെമിയോ)

പ്രതിരോധനിര: അലക്സ് സാന്ദ്രോ, ഡാനിലോ, ലിയോ പെരേര (ഫ്ലെമെംഗോ), ബ്രെമർ (യുവന്റസ്), ഇബാനസ് (അൽ-അഹ്‌ലി), വെസ്ലി (റോമ), മാർക്കിഞ്ഞോസ് (പിഎസ്ജി), ഗബ്രിയേൽ മഗാലയസ് (ആഴ്സണൽ), ഡഗ്ലസ് സാന്റോസ് (സെനിത് സെന്റ് പീറ്റേഴ്സ്ബർഗ്)

മധ്യനിര: ബ്രൂണോ ഗിമാരസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡാനിലോ സാന്റോസ് (ബോട്ടഫോഗോ), ഫാബിഞ്ഞോ (അൽ-ഇത്തിഹാദ്), ലൂക്കാസ് പക്വേറ്റ (ഫ്ലെമെംഗോ)

ഫോർവേഡുകൾ: എൻഡ്രിക് (ലിയോൺ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), ഇഗോർ തിയാഗോ (ബ്രെന്റ്ഫോർഡ്), മാറ്റിയസ് കുൻഹ (മാഞ്ചസ്റ്റർ യുണൈറ്റഡ്), റാഫിഞ്ഞ (ബാഴ്സലോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്), ലൂയിസ് ഹെൻറിക്ക് (സെനിത് സെന്റ് പീറ്റേഴ്സ്ബർഗ്), നെയ്മർ (സാന്റോസ്), റയാൻ (ബോൺമൗത്ത്).

© Madhyamam