വൈറല്‍ ചിത്രങ്ങള്‍ക്കിടയിലും ജാക്ക് ഗ്രീലിഷിനെ പിന്തുണച്ച് ഡേവിഡ് മോയിസ്


ജാക്ക് ഗ്രീലിഷിനെ പിന്തുണച്ച് ഡേവിഡ് മോയസ്

സുഹൃത്തുക്കൾക്കൊപ്പം ബാറിൽ ഇരിക്കുമ്പോൾ ജാക്ക് ഗ്രീലിഷ് ഉറങ്ങുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെ താരത്തെ പിന്തുണച്ച് ഡേവിഡ് മോയസ് രംഗത്തെത്തി. എവർട്ടൺ-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, താരം സുഖം പ്രാപിക്കാൻ ആവശ്യമായ സമയം നൽകിയിട്ടുണ്ടെന്നും മോയസ് വ്യക്തമാക്കി. കാൽപാദത്തിലേറ്റ സ്ട്രെസ് ഫ്രാക്ചർ കാരണം ഗ്രീലിഷ് നിലവിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജനുവരിയിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് പരിക്ക് കണ്ടെത്തിയത്. ഈ പരിക്കിനെത്തുടർന്ന് എവർട്ടണിലെ അദ്ദേഹത്തിന്റെ ലോൺ കാലാവധി നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. സീസണിന്റെ ആദ്യ പകുതിയിൽ നിർണ്ണായക സാന്നിധ്യമായിരുന്ന ഗ്രീലിഷ് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിരുന്നു.

തനിക്ക് ഗ്രീലിഷിലുള്ള വിശ്വാസം പൂർണ്ണമാണെന്നും ക്ലബ്ബിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കുന്നതാണെന്നും മോയസ് പറഞ്ഞു. “ജാക്കിനെക്കുറിച്ച് എനിക്ക് പോസിറ്റീവായ ചിന്തകൾ മാത്രമേയുള്ളൂ. അവൻ ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. സീസണിന്റെ തുടക്കത്തിൽ ടീം മികച്ച രീതിയിൽ കളിച്ചപ്പോൾ അവൻ ടീമിന് വലിയ മുതൽക്കൂട്ടായിരുന്നു. അതുകൊണ്ട് ജാക്കിനെ ഞാൻ എന്നും പോസിറ്റീവായാണ് കാണുന്നത്. അവന്റെ കാലിലെ പരിക്ക് മാറാൻ സമയം ആവശ്യമായതുകൊണ്ടാണ് അവന് കുറച്ച് വിശ്രമം നൽകിയത്,” മോയസ് കൂട്ടിച്ചേർത്തു.

© Madhyamam