സെബല്ലോസിനെ വിൽക്കാൻ റയൽ മാഡ്രിഡ്; ആവശ്യപ്പെടുന്നത് 15 ദശലക്ഷം യൂറോ


റിയൽ മാഡ്രിഡ് താരം ഡാനി സെബയോസിനെ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ ക്ലബ് തീരുമാനിച്ചു. താരത്തിനായി 15 ദശലക്ഷം യൂറോയാണ് റയൽ മാഡ്രിഡ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ഡിയാരിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു.

താരത്തിന്റെ കരാർ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ ട്രാൻസ്ഫർ തുക ലഭിക്കുന്നതിനുള്ള അവസാന അവസരമായാണ് ക്ലബ് ഈ സമ്മർ വിൻഡോയെ കാണുന്നത്. 29-കാരനായ സെബയോസിന് ഈ സീസണിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പരിശീലകൻ അൽവാരോ അർബലോയ്ക്ക് കീഴിൽ വെറും അഞ്ച് മത്സരങ്ങളിൽ മാത്രമാണ് താരം പന്ത് തട്ടിയത്.

പരിശീലകനും താരവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ സെബയോസിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർച്ചയായ പരിക്കുകളും ഫോമിലെ അസ്ഥിരതയും കാരണം ക്ലബ്ബും താരവും വേനൽക്കാലത്ത് വഴിപിരിയുന്നതിനെക്കുറിച്ച് ഒരേ അഭിപ്രായത്തിലാണ്.

സെബയോസിനെ സ്വന്തമാക്കാൻ ഐക്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ വലിയ തുക ആവശ്യമായതിനാൽ താരത്തിന്റെ പഴയ ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണ്.

© Madhyamam