ബർലിൻ: യൂറോപ്പിലെ ടോപ് ഫൈവ് ഫുട്ബാൾ ലീഗുകളിൽ ചരിത്രംകുറിച്ച് മേരി ലൂയിസ് ഈറ്റ. പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയാവുകയാണ് ജർമൻ ബുണ്ടസ് ലിഗയിൽ യൂനിയൻ ബർലിന്റെ ഹെഡ് കോച്ചായി നിയമിതയായ ഈറ്റ. വൻകരയിലെ മറ്റു പ്രധാന ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ഫ്രഞ്ച് ലിഗ് വൺ, ഇറ്റാലിയൻ സീരീ എ എന്നിവയിലൊന്നും ഇതുവരെ പുരുഷ സംഘത്തിന്റെ മുഖ്യ ചുമതല വനിത വഹിച്ചിട്ടില്ല. 2023 മുതൽ സഹപരിശീലകയാണ് ഈറ്റ. അതിന് മുമ്പ് വേറൊരു വനിത ബുണ്ടസ് ലിഗയിൽ ഈ സ്ഥാനത്തെത്തിയിട്ടില്ലായിരുന്നു.
സ്റ്റെഫാൻ ബൗംഗാർട്ടിനെ പുറത്താക്കിയതിനെത്തുടർന്നാണ് യൂനിയൻ ബർലിന്റെ ഹെഡ് കോച്ചായി ഈറ്റയെത്തുന്നത്. നിലവിൽ ടീം 11ാം സ്ഥാനത്താണ്. സീസണിലെ ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ ജയിച്ച് ടീമിനെ തരംതാഴ്ത്തലിൽനിന്ന് രക്ഷിക്കുക എന്ന വലിയ ദൗത്യമാണ് 34കാരിക്കുള്ളത്. ഡിഫൻസിവ് മിഡ്ഫീൽഡറായിരുന്ന ഈറ്റ ജർമനിയുടെ യൂത്ത് ടീമുകൾക്കായി അന്താരാഷ്ട്ര ജഴ്സിയണിഞ്ഞിട്ടുണ്ട്. ടർബൈൻ പോട്സ്ഡാമിനൊപ്പം 2010ൽ യുവേഫ വനിത ചാമ്പ്യൻസ് ലീഗും മൂന്ന് ബുണ്ടസ്ലിഗ കിരീടങ്ങളും അവർ നേടി. യൂനിയൻ ബർലിന്റെയും അണ്ടർ 19 പുരുഷ ടീം കോച്ചായിരുന്നു.
