യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇനി തീപാറും ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. പ്രീ-ക്വാർട്ടർ കടമ്പകൾ കടന്നുവന്ന ടീമുകൾ ഇനി അവസാന എട്ടിൽ കൊമ്പുകോർക്കും. ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മത്സരങ്ങളിൽ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള കളിയാണ് ഏറ്റവും ശ്രദ്ധേയം. ചാമ്പ്യൻസ് ലീഗിലെ ചിരവൈരികളുടെ പോരാട്ടമാണിത്. ഹാരി കെയ്നും കിലിയൻ എംബാപ്പയും നേർക്കുനേർ വരുമ്പോൾ കളി തീപാറുമെന്ന് ഉറപ്പാണ്. ഏപ്രിൽ എട്ടിന് ഒന്നാം പാദവും രണ്ടാം പാദം ഏപ്രിൽ 16 നും നടക്കും. ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയും ഇംഗ്ലീഷ് താരരാജാക്കൻമാരായ ലിവർപൂളും തമ്മിലുള്ള മത്സരമാണ് മറ്റൊരു ഗ്ലാമർ പോരാട്ടം. മത്സരത്തിന്റെ ഒന്നാം പാദം ഏപ്രിൽ 9 നും രണ്ടാം പാദം ഏപ്രിൽ 15 നുമാണ് നടക്കുക. ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് മറ്റൊരു മത്സരം. രണ്ട് സ്പാനിഷ് കരുത്തർ ഏറ്റുമുട്ടുന്ന പോരാട്ടത്തിൽ ഹാൻസി ഫ്ലിക്കിന്റെ ആക്രമണ ഫുട്ബോളിനെ ഡിയേഗോ സിമിയോണിയുടെ പ്രതിരോധ കോട്ട എങ്ങനെ തളയ്ക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏപ്രിൽ 8 ന് ഒന്നാം പാദവും ഏപ്രിൽ 16 ന് രണ്ടാം പാദവും അരങ്ങേറും. മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണും ആഴ്സണലും പോരടിക്കും. ഒന്നാം പാദം ഏപ്രിൽ 8 നും രണ്ടാം പാദം ഏപ്രിൽ 16 നുമാണ് നടക്കുക.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ചിത്രം തെളിഞ്ഞു : റയൽ-ബയേൺ ഗ്ലാമർ പോരാട്ടം; സ്പാനിഷ് കരുത്തർ നേർക്കുനേർ
