അണ്ടർ 23 വനിത ഏകദിനം; ഒഡിഷയെ വീഴ്ത്തി കേരളം



പുണെ: അണ്ടർ 23 വനിത ഏകദിന ടൂർണമെന്റിൽ ഒഡിഷക്കെതിരെ കേരളത്തിന് ജയം. തകർച്ചയിൽനിന്ന് തിരിച്ചുവന്നാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 50 ഓവറിൽ 256 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അഞ്ച് പന്ത് ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നിത്യ ലൂർദ്ദിന്റെ ഉജ്ജ്വല ഇന്നിങ്സാണ് ജയം ഒരുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒഡിഷക്ക് ഓപണർ തൻവി രഞ്ജനയുടെ തകർപ്പൻ സെഞ്ച്വറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 78 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരുവശത്ത് ഉറച്ചുനിന്ന തൻവി ടീമിനെ കരകയറ്റുകയായിരുന്നു. തൻവി 101 റൺസെടുത്തു. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപണർമാരായ ദിയ ഗിരീഷും നജ്ല സി.എം.സിയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ വൈഷ്ണ എം.പി 30 റൺസെടുത്തു. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് സമ്മർദത്തിലാക്കി. ഏഴാമതായി ബാറ്റ് ചെയ്യാനെത്തിയ നിത്യ ലൂർദ്ദിന്റെ ഇന്നിങ്സാണ് കളിയുടെ ഗതി മാറ്റിയത്. നിത്യ 73ഉം നിയ 23ഉം റൺസുമായി പുറത്താകാതെനിന്നു.



© Madhyamam