“ഇത് ഞങ്ങളുടെ സൂപ്പർ ബോൾ നിമിഷമായി മാറിക്കൊണ്ടിരിക്കുകയാണ്.”
നാഷണൽ വിമൻസ് സോക്കർ ലീഗിന്റെ (എൻ.ഡബ്ല്യു.എസ്.എൽ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാറാ ജോൺസ് സിമ്മർ, ശനിയാഴ്ച രാത്രി വാഷിംഗ്ടൺ സ്പിരിറ്റും കാൻസാസ് സിറ്റി കറന്റും തമ്മിലുള്ള ചാമ്പ്യൻഷിപ്പ് മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു.
Advertisement
വാഷിംഗ്ടൺ ഡി.സിയിലെ ഓഡി ഫീൽഡിൽ 19,000-ത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് എൻ.ഡബ്ല്യു.എസ്.എൽ ഫൈനൽ മത്സരം നടന്നത്. 300 ഡോളറിലധികം (£229) വിലവരുന്നതായിരുന്നു ടിക്കറ്റുകൾ.
ഒടുവിൽ മത്സരത്തിൽ 2-1ന് വിജയിച്ച കറന്റ് തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. ഇത് സ്പിരിറ്റിന് തുടർച്ചയായി മൂന്ന് ഫൈനലുകൾ തോൽക്കുന്നതിന്റെ മോശം റെക്കോർഡായി മാറി.
അത്ലാന്റിക്കിന്റെ മറുകരയിൽ ഇതിന്ുതൊട്ടുമുമ്പ്, കഴിഞ്ഞ മാസം ബാലൺ ഡി ഓർ ചടങ്ങിൽ മൂന്നാം തവണയും ലോകത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അലക്സിയ പുട്ടെല്ലാസ്, ബ്രോംലിയിൽ ക്രിസ്റ്റൽ പാലസിനെതിരെ ലണ്ടൻ സിറ്റിക്കായി രണ്ട് ഗോളുകൾ നേടിയിരുന്നു.
ഇത് തികച്ചും നീതിയുക്തമല്ലാത്ത താരതമ്യമാണ്. കാരണം, ഒരു ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നത് യു.എസ്.എ വളരെ നന്നായി നടപ്പിലാക്കുന്ന ഒന്നാണ്.
Advertisement
എന്നിരുന്നാലും, അമേരിക്കയിൽ വനിതാ ഫുട്ബോൾ ഇപ്പോൾ വലിയ വളർച്ച കൈവരിക്കുകയാണ്. സ്റ്റേഡിയങ്ങളിലെ കാണികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലാണ്, കൂടുതൽ ഫ്രാഞ്ചൈസികൾ ലീഗിൽ ചേരുന്നു, കൂടാതെ ക്ലബ് റീട്ടെയിൽ വിൽപ്പന 2025 ലെ വിൽപ്പനയേക്കാൾ ഇരട്ടിയാണ്.
അങ്ങനെയാണെങ്കിൽ ഈ ജനപ്രീതിയുടെ കുതിപ്പിന് പിന്നിൽ എന്താണ്?
ഇതിൽ നിന്ന് വനിതാ സൂപ്പർ ലീഗിന് (ഡബ്ല്യു.എസ്.എൽ) എന്താണ് പഠിക്കാൻ കഴിയുക?
ജനപ്രീതിയുടെ സവിശേഷമായ ചരിത്രം
വനിതാ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ രാജ്യമാണ് യു.എസ്.
നാല് തവണ ലോകകപ്പ് നേടിയവരും (1991, 1999, 2015, 2019) അഞ്ച് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കളുമായ മിയ ഹാം, അലക്സ് മോർഗൻ, മേഗൻ റാപിനോ എന്നിവരുടെ രാജ്യമായ ഇവിടെ വിജയങ്ങളുടെ വലിയൊരു ചരിത്രമുണ്ട് – അതിൽ ആഭ്യന്തര ഫുട്ബോളും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
Advertisement
“വസ്തുതകൾ പരിശോധിച്ചാൽ, അമേരിക്കയിൽ സോക്കർ കൂടുതൽ അറിയപ്പെടുന്നത് ഒരു വനിതാ കായിക ഇനമായിട്ടാണ്,” എന്ന് എൻ.ഡബ്ല്യു.എസ്.എല്ലിനായി നിലവിൽ ഇ.എസ്.പി.എനിൽ കമന്ററി പറയുന്ന ബ്രോഡ്കാസ്റ്റർ ജാക്വി ഓട്ട്ലി പറയുന്നു.
“വനിതകൾ ലോകകപ്പുകളും ഒളിമ്പിക് ഗെയിംസും നേടിയിട്ടുണ്ട് – എന്നാൽ പുരുഷന്മാർ ആ നേട്ടത്തിനടുത്ത് പോലും എത്തിയിട്ടില്ല.”
അമേരിക്കയിലെ ടീമുകൾ 2001-ൽ പ്രൊഫഷണൽ ആയി മാറിയപ്പോൾ, ഡബ്ല്യു.എസ്.എൽ ടീമുകൾക്ക് അത് സംഭവിച്ചത് 2018-ലാണ്. ടോപ് ഫ്ലൈറ്റ് ലീഗ് വർഷങ്ങളായി പല രൂപങ്ങളിലാണ് പ്രവർത്തിച്ചിട്ടുള്ളത്.
നിലവിലെ എൻ.ഡബ്ല്യു.എസ്.എൽ 2013-ൽ എട്ട് ടീമുകളുടെ മത്സരമായാണ് ആരംഭിച്ചത്. പിന്നീട് അത് വളർന്ന് 16 ഫ്രാഞ്ചൈസികളായി മാറി, 2028 മുതൽ രണ്ട് ടീമുകൾ കൂടി ഇതിലേക്ക് ചേരുന്നുണ്ട്.
ഇവിടെ തരംതാഴ്ത്തൽ (relegation) സമ്പ്രദായമില്ല. ശനിയാഴ്ച നടന്ന മത്സരത്തിൽ കാൻസാസ് സിറ്റി വിജയിച്ചതോടെ, ഈ ലീഗ് ആരംഭിച്ചതിനുശേഷം എട്ട് വ്യത്യസ്ത ടീമുകൾ കിരീടം ചൂടിയിട്ടുണ്ട്.
Advertisement
താഴെയുള്ള ഗ്രാഫ് കാണിക്കുന്നത് പോലെ, യുകെയിൽ ഉള്ളതിനേക്കാൾ വളരെ വ്യത്യസ്തമാണ് ഈ ടീമുകളുടെ ഉടമസ്ഥാവകാശ കണക്കുകൾ. അമേരിക്കൻ ടീമുകൾ പുരുഷ ടീമുകളെ അപേക്ഷിച്ച് അവരെ ആശ്രയിക്കുന്നത് വളരെ കുറവാണ്.
വാസ്തവത്തിൽ, കാൻസാസ് സിറ്റി പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ്. 2020 ഡിസംബറിൽ സ്ഥാപിതമായ ഈ ക്ലബ്ബ് പുരുഷ ടീമുകളുമായി ബന്ധമില്ലാത്തതാണ്. എൻ.എഫ്.എൽ ക്വാർട്ടർബാക്ക് പാട്രിക് മഹോസിന്റെ ഭാര്യ ബ്രിട്ടണി മഹോസ് ഉൾപ്പെടെയുള്ള ആത്മവിശ്വാസമുള്ള ഉടമകളാണ് ഇതിന് പിന്തുണ നൽകുന്നത്.
ഈ ചാമ്പ്യൻഷിപ്പ് വിജയം ഒരു ഫ്രാഞ്ചൈസിയുടെ വലിയൊരു നേട്ടമാണ്. യുകെയിലെ സ്വതന്ത്ര ക്ലബ്ബായ ലണ്ടൻ സിറ്റിയും ഇതേ വിജയം അനുകരിക്കാൻ ആഗ്രഹിക്കുന്നു. 2026-27 സീസണിന്റെ പകുതിയോളം എത്തുമ്പോൾ അവർ ഡബ്ല്യു.എസ്.എൽ കിരീട പോരാട്ടത്തിൽ നാല് പോയിന്റ് മാത്രം പിന്നിലാണ്.
വനിതാ ഫുട്ബോളിനായി മാത്രമായി സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിച്ച ആദ്യത്തെ ക്ലബ്ബും കാൻസാസ് സിറ്റിയാണ്. 11,500 ഇരിപ്പിടങ്ങളുള്ള സി.പി.കെ.സി സ്റ്റേഡിയത്തിൽ ടിക്കറ്റുകൾക്കായി വലിയ ആവശ്യക്കാരാണുള്ളത്. ഈ വർഷം ആദ്യം, ബ്രൈട്ടണും 2030-31 ഓടെ സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Advertisement
“ഞങ്ങളുടെ സ്വതന്ത്ര സ്വഭാവമാണ് ലീഗിന്റെ ഏറ്റവും വലിയ പ്രത്യേകത,” എന്ന് എൻ.ഡബ്ല്യു.എസ്.എല്ലിന്റെ ജോൺസ് സിമ്മർ പറയുന്നു.
“ഇതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഞങ്ങളുടെ സ്വന്തം വളർച്ചയിൽ നിക്ഷേപം നടത്താനും വനിതാ ഗെയിമിന് മുൻഗണന നൽകാനും ആവശ്യമായ ഫണ്ട് അതിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇത് ഞങ്ങളെ അനുവദിക്കുന്നു.”
ഇത് യുകെയിലെ സാഹചര്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. യുകെയിൽ ലണ്ടൻ സിറ്റി ഒഴികെയുള്ള എല്ലാ ഡബ്ല്യു.എസ്.എൽ ടീമുകളും പുരുഷ ടീമുകളുമായി ബന്ധമുള്ളവരും സാമ്പത്തികമായി അവരെ ആശ്രയിക്കുന്നവരുമാണ്.
എന്നാൽ ജോൺസ് സിമ്മർ പറയുന്നതനുസരിച്ച്, ഇത് വലിയൊരു അവസരം കൂടിയാണ് നൽകുന്നത്.
“നിക്കിയെയും (ഡബ്ല്യു.എസ്.എൽ ചീഫ് എക്സിക്യൂട്ടീവ് നിക്കി ഡൗസെറ്റ്) അവർ കെട്ടിപ്പടുക്കുന്ന കാര്യങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു,” അവർ പറയുന്നു.
Advertisement
“നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശസ്തരായ ഈ പുരുഷ ക്ലബ്ബുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സ്വന്തമായി വ്യക്തമായ തിരിച്ചറിയലും പാരമ്പര്യവുമുള്ള വനിതാ ബ്രാൻഡുകൾ കെട്ടിപ്പടുക്കാൻ ഇതൊരു സവിശേഷ അവസരമാണ് നൽകുന്നത്.”
കളിക്കളത്തിലെ മികച്ച പ്രകടനം
വാഷിംഗ്ടൺ സ്പിരിറ്റിന്റെ ട്രിനിറ്റി റോഡ്മാന് 2025 ഡിസംബറിൽ എൻ.ഡബ്ല്യു.എസ്.എൽ എടുത്ത തീരുമാനം തുണയായി [ഗെറ്റി ഇമേജസ്]
എൻ.ഡബ്ല്യു.എസ്.എൽ, ഡബ്ല്യു.എസ്.എൽ ആരാധകരെ സംബന്ധിച്ച് പ്രതിഭകളുടെ കാര്യത്തിൽ യാതൊരു കുറവുമില്ല.
യു.എസ് ദേശീയ ടീമിലെ മിക്ക താരങ്ങളും സ്വന്തം രാജ്യത്ത് തന്നെയാണ് കളിക്കുന്നത്. ട്രിനിറ്റി റോഡ്മാൻ, മല്ലോറി സ്വാൻസൺ, റോസ് ലാവെല്ലെ തുടങ്ങിയവയെല്ലാം ഇതിനകം തന്നെ പ്രശസ്തരായ പേരുകളാണ്.
2026 ലെ ബാലൺ ഡി ഓർ റാങ്കിംഗിൽ 10-ാം സ്ഥാനം നേടിയ കാൻസാസ് സിറ്റിയുടെ മലാവി താരം ടെംവ ചവിങ്ക, മുൻ ചെൽസി സ്ട്രൈക്കർ സാം കെർ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ലീഗിന്റെ നിലവാരം ഉയർത്തുന്നു.
Advertisement
“ഇതെല്ലാം ആരംഭിക്കുന്നത് കളിക്കളത്തിലെ പ്രകടനത്തിലൂടെയാണ്,” ജോൺസ് സിമ്മർ പറയുന്നു. “ഫുട്ബോളിന്റെ നിലവാരം വളരെ മികച്ചതായിരിക്കണം, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
“അവർ ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു. ലീഗിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം അവരിലൊരാൾ ഏതെങ്കിലും ഒരു കളിക്കാരനെ ഇഷ്ടപ്പെടുന്നു എന്നതാണ്.”
മത്സരങ്ങളുടെ നിലവാരം കൃത്യമായി നിലനിർത്തിയാൽ ആരാധകർ വീണ്ടും സ്റ്റേഡിയത്തിലേക്ക് വരുമെന്ന് ജോൺസ് സിമ്മർ പറയുന്നു – ഈ ആത്മവിശ്വാസത്തെ കണക്കുകളും പിന്തുണയ്ക്കുന്നുണ്ട്.
2026-ൽ ഒരു എൻ.ഡബ്ല്യു.എസ്.എൽ മത്സരത്തിന് ശരാശരി 11,000-ത്തിലധികം ആളുകൾ എത്തുന്നുണ്ട് – ഡബ്ല്യു.എസ്.എല്ലിൽ ആർസനൽ ഒഴികെയുള്ള മറ്റ് ടീമുകൾക്കൊന്നും ഇതിലും ഉയർന്ന കാണികളെ ലഭിക്കുന്നില്ല. അമേരിക്കയിലെ ജനസംഖ്യ യുകെയേക്കാൾ ഏകദേശം അഞ്ച് മടങ്ങ് കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
Advertisement
വ്യാഴാഴ്ച, എൻ.ഡബ്ല്യു.എസ്.എൽ ഫൈനലിന്റെ ബാക്കി വന്ന ടിക്കറ്റുകൾ വിയാഗോഗോ ടിക്കറ്റ് സൈറ്റിൽ 300 ഡോളറിനാണ് വിറ്റഴിച്ചത്. മത്സരത്തിന് മുൻപ് റീസെയിൽ ടിക്കറ്റുകൾ മാർക്കറ്റ് വിലയുടെ ആറ് മടങ്ങ് തുകയ്ക്കാണ് വിറ്റുപോയതെന്ന് ജോൺസ് സിമ്മർ സൂചിപ്പിക്കുന്നു.
ലണ്ടൻ സിറ്റിയുടെയും വാഷിംഗ്ടൺ സ്പിരിറ്റിന്റെയും ഉടമയായ മിഷേൽ കാങ് പറഞ്ഞതുപോലെ: “വനിതാ ഫുട്ബോളിനായി വലിയൊരു ആരാധക സമൂഹം ഉണ്ടെന്നത് വ്യക്തമായ കാര്യമാണ്.”
“സ്റ്റേഡിയത്തിൽ വന്ന് കളി ആസ്വദിക്കുമ്പോൾ ആരാധകർക്ക് മികച്ച അനുഭവം നൽകിക്കൊണ്ട് അവരെ ഒപ്പം നിർത്തുക എന്നതാണ് ഞങ്ങളുടെ ജോലി,” ജോൺസ് സിമ്മർ കൂട്ടിച്ചേർക്കുന്നു.
“ആളുകൾക്ക് ആ അനുഭവം ലഭിച്ചുകഴിഞ്ഞാൽ, കളി കാണാൻ അവർ വീണ്ടും വരും.”
Advertisement
ഉയർന്ന നിലവാരമുള്ള ഫുട്ബോൾ താരങ്ങൾക്ക് ഡബ്ല്യു.എസ്.എല്ലിലും കുറവൊന്നുമില്ല. പുട്ടെല്ലാസ്, ഗോൾ മെഷീൻ ഖാദിജ ഷാ, ഇംഗ്ലണ്ടിന്റെ ഡബിൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ ടീമിലെ അംഗങ്ങൾ എന്നിവരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചെൽസിയുടെ അലീസ്സ തോംസൺ, നവോമി ഗിർമ, മാഞ്ചസ്റ്റർ സിറ്റിയുടെ സാം കോഫി തുടങ്ങിയ അമേരിക്കൻ താരങ്ങളും യു.എസിൽ നിന്ന് ഡബ്ല്യു.എസ്.എല്ലിലേക്ക് ചേക്കേറിയിട്ടുണ്ട്.
2005 ലെ ലോകകപ്പ് മുതൽ വനിതാ ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്ന ബ്രോഡ്കാസ്റ്റർ ഓട്ട്ലി, കളിക്കളത്തിന് പുറത്തും ഇത്തരം താരങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു.
“ഡബ്ല്യു.എസ്.എൽ താരങ്ങളെ വനിതാ ഫുട്ബോൾ പരിപാടികളിൽ മാത്രമല്ല, മുഖ്യധാരാ ടിവി ഷോകൾ, പോഡ്കാസ്റ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലും കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” അവർ പറയുന്നു.
Advertisement
“ഇത് എല്ലാവർക്കും ഇണങ്ങണമെന്നില്ല. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ കംഫർട്ടബിൾ ആയവരും മികച്ച വ്യക്തിത്വമുള്ളവരുമായ താരങ്ങളെ ഉപയോഗിച്ച് നമുക്ക് നമ്മുടെ ആരാധകവൃന്ദം കൂടുതൽ വളർത്തിയെടുക്കാം.”
സ്റ്റേഡിയത്തിലെ മാച്ച് ഡേ അനുഭവം
കഴിഞ്ഞ നാല് സീസണുകളായി എൻ.ഡബ്ല്യു.എസ്.എൽ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഓട്ട്ലി, അമേരിക്കൻ ക്ലബ്ബുകൾ മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് കരുതുന്നു.
“കായികരംഗത്ത് ഒരു ഉൽപ്പന്നം പ്രൊമോട്ട് ചെയ്യുമ്പോൾ, ടീം നന്നായി കളിക്കുമെന്നോ വിജയിക്കുമെന്നോ നമുക്ക് ഉറപ്പുനൽകാൻ കഴിയില്ല,” അവർ പറയുന്നു.
“എന്നാൽ മത്സരത്തിന് എത്തുന്ന ആളുകൾക്ക് മികച്ചൊരു അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമുക്ക് സാധിക്കും.”
“ആവേശവും പോസിറ്റീവിറ്റിയും ‘നമുക്ക് ഇത് വലുതാക്കാം’ എന്ന മനോഭാവവും എനിക്ക് വളരെ ഇഷ്ടമാണ്. അതൊരു മികച്ച അനുഭവമാണ്.”
Advertisement
ഡബ്ല്യു.എസ്.എൽ നേരിടുന്ന ഒരു വെല്ലുവിളിയാണിത്. ഈ സീസണിൽ കാണികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാത്ത സാഹചര്യത്തിൽ, ടോട്ടൻഹാമും ആർസനലും തമ്മിലുള്ള നോർത്ത് ലണ്ടൻ ഡെർബി പോലുള്ള മത്സരങ്ങളെ ഒരു തീവ്രമായ പോരാട്ടമായോ അതോ കുടുംബങ്ങൾക്ക് ഒത്തുകൂടാവുന്ന ഒരു കുടുംബ സൗഹൃദ ഇവന്റായോ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
യുകെയിലെ വിവിധ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട് ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഓട്ട്ലിയുടെ പക്ഷം.
“ആ വിമർശനം എനിക്ക് മനസ്സിലായില്ല,” അവർ പറയുന്നു, “കാരണം അവർ പറഞ്ഞിട്ടില്ല ‘നിങ്ങൾ കുടുംബത്തോടൊപ്പം ആണെങ്കിൽ മാത്രം ഈ കളിക്ക് വരിക’ എന്ന്. എല്ലാ വിഭാഗം ആളുകൾക്കുമായാണ് അത് പ്രൊമോട്ട് ചെയ്തത്.”
“മാർക്കറ്റിംഗിന്റെ കാര്യത്തിൽ എല്ലാവർക്കും ഒരേ രീതി ബാധകമാകില്ല – ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനം.”
ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് മത്സരത്തിന് മുന്നോടിയായി വാഷിംഗ്ടൺ ഡി.സിയിലെ വാർഫിൽ നടന്ന എൻ.ഡബ്ല്യു.എസ്.എൽ ഫാൻ ഫെസ്റ്റ് [ഗെറ്റി ഇമേജസ്]
എൻ.ഡബ്ല്യു.എസ്.എൽ ഏറ്റെടുത്ത ഒരു വെല്ലുവിളിയാണിത്, അതനുസരിച്ച് കാണികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
Advertisement
“ടീമുകളുടെ വൈര്യവും മത്സര തന്ത്രങ്ങളും കാണാൻ വരുന്നവരായാലും ശരി, അല്ലെങ്കിൽ ആദ്യമായി കളി അനുഭവിച്ചറിയാൻ വരുന്നവരായാലും ശരി, എല്ലാവർക്കും സ്വാഗതം എന്ന് തോന്നുന്ന തരത്തിലുള്ള വലിയൊരു വേദി ഒരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ജോൺസ് സിമ്മർ പറയുന്നു.
“കായികരംഗം വളരാൻ, എല്ലാ ആരാധകർക്കും ഒരു എൻ.ഡബ്ല്യു.എസ്.എൽ മത്സരത്തിന് വരാനും മികച്ചൊരു അനുഭവം നേടാനും കഴിയണം.”
ഈ സീസണിൽ ലീഗ് ഫൈനലിസ്റ്റുകളായ കറന്റും സ്പിരിറ്റും വ്യത്യസ്തമായ 17 തവണയാണ് പരസ്പരം കളിച്ചത്. ഇത് യു.എസിലെ നാല് സമയ മേഖലകളെയും വലിയ ഭൂപ്രകൃതിയെയും പ്രതിഫലിപ്പിക്കുന്നതാണ്.
ഇതെല്ലാം രാജ്യത്തെ കായിക സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഡബ്ല്യു.എസ്.എല്ലിന്റെ ഫിക്ചർ ഷെഡ്യൂളിംഗിലെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, എൻ.ഡബ്ല്യു.എസ്.എൽ ആരാധകർ എങ്ങനെയൊണ് മത്സരങ്ങൾ കണ്ടെത്തി കാണുന്നത് എന്നത് കൗതുകകരമാണ്.
Advertisement
“ഷെഡ്യൂൾ ചെയ്യുന്നവരോട് എനിക്ക് വലിയ അനുകമ്പയുണ്ട്, കാരണം പുരുഷ ഫുട്ബോൾ അവിടെ നേരത്തെ എത്തിക്കഴിഞ്ഞു,” ഓട്ട്ലി പറയുന്നു.
“ചില സമയങ്ങൾ വനിതാ ഫുട്ബോളിനായി മാത്രം മാറ്റിെവയ്ക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.”
എൻ.ഡബ്ല്യു.എസ്.എല്ലിന്റെ ഈ വളർച്ച പെട്ടെന്നൊന്നും മന്ദഗതിയിലാകുമെന്ന് തോന്നുന്നില്ല.
അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന വനിതാ ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ് യു.എസ്.എ. കൂടാതെ 2028-ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിലും വനിതാ സോക്കർ മത്സരങ്ങൾ നടക്കുന്നുണ്ട്.
കൂടാതെ 2031 ലെ വനിതാ ലോകകപ്പിനും യു.എസ് ആതിഥേയത്വം വഹിക്കുന്നുണ്ട്.
“എൻ.ഡബ്ല്യു.എസ്.എൽ ജനഹൃദയങ്ങളിലേക്ക് എങ്ങനെയാണ് കടന്നുചെല്ലുന്നത് എന്നത് അത്ഭുതകരമാണ്,” ജോൺസ് സിമ്മർ പറയുന്നു.
Advertisement
“കമ്മ്യൂണിറ്റി ഇടപെടലുകളും അവബോധവും എൻ.ഡബ്ല്യു.എസ്.എല്ലിന്റെ പ്രാധാന്യവും വർദ്ധിപ്പിക്കുന്നതിനുള്ള ഇത്തരം അവസരങ്ങളിൽ ഞങ്ങൾ സന്തുഷ്ടരാണ്.”
