
റയൽ മാഡ്രിഡ്: സൗദി അറേബ്യൻ ക്ലബ്ബുകൾ വിനീഷ്യസ് ജൂനിയറെ ടീമിലെത്തിക്കാൻ ലോക റെക്കോർഡ് ഫീസ് നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി തള്ളിക്കളഞ്ഞു. വിനീഷ്യസ് റയൽ മാഡ്രിഡിൽ സന്തുഷ്ടനാണെന്നും ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടം നേടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലാ ലിഗയിൽ റയൽ വല്ലാഡോളിഡിനെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. എസ്റ്റാഡിയോ ജോസ് സോറില്ലയിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ലാ ലിഗ പോയിന്റ് പട്ടികയിൽ റയലിന് ലീഡ് ഉറപ്പിക്കാം.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനീഷ്യസ് ജൂനിയറുടെ ട്രാൻസ്ഫർ വാർത്തകളെക്കുറിച്ച് ആഞ്ചലോട്ടി പ്രതികരിച്ചത്. “എനിക്ക് നേരിട്ട് ലഭിച്ച വിവരമനുസരിച്ച്, വിനീഷ്യസ് ഇവിടെ വളരെ സന്തുഷ്ടനാണ്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഇടം നേടാനാണ് അവൻ ആഗ്രഹിക്കുന്നത്,” ആഞ്ചലോട്ടി പറഞ്ഞു.
സൗദി പ്രോ ലീഗ് ക്ലബ്ബുകൾ വിനീഷ്യസിനെ ടീമിലെത്തിക്കാൻ 350 മില്യൺ യൂറോയുടെ റെക്കോർഡ് ഫീസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. 2017 ൽ നെയ്മർ ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോൾ നൽകിയ 222 മില്യൺ യൂറോയാണ് നിലവിലെ ലോക റെക്കോർഡ് ട്രാൻസ്ഫർ ഫീസ്.
എന്നാൽ സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ നിരസിച്ച വിനീഷ്യസ് റയൽ മാഡ്രിഡിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ഭാവി പദ്ധതികളിൽ വിനീഷ്യസിന് വലിയ പ്രാധാന്യമുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി അവൻ വളർന്നുകൊണ്ടിരിക്കുകയാണെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.