
ലണ്ടൻ: പ്രകടനമികവിന്റെ ഗ്രാഫ് താഴോട്ടെങ്കിലും ആരാധകപ്പെരുമ എക്കാലത്തും അലങ്കാരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ കളിമുറ്റം പണിയുന്നു. ഓൾഡ് ട്രാഫോഡിന് പകരമായി ലക്ഷം പേർക്ക് ഒരേസമയം കളി കാണാവുന്ന അതിവിശാലമായ കളിമുറ്റമാണ് 260 കോടി ഡോളർ (22,672 കോടി രൂപ) ചെലവിൽ നിർമിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും ഇത്.
നിലവിലെ ഓൾഡ് ട്രാഫോഡിനോട് ചേർന്ന് നിർമിക്കുന്ന പുതിയ സ്റ്റേഡിയം അഞ്ചു വർഷത്തിനിടെ പൂർത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നതെന്ന് സഹ ഉടമ സർ ജിം റാറ്റ്ക്ലിഫ് പറയുന്നു. 1910 മുതൽ ക്ലബിന്റെ മൈതാനമാണ് ഓൾഡ് ട്രാഫോഡ്. ട്രഫാൽഗർ ചത്വരത്തിന്റെ രണ്ടിരട്ടി വലുപ്പമുള്ള കളിസ്ഥലം, 200 മീറ്റർ ഉയരത്തിൽ മൂന്ന് കൊടിമരം തുടങ്ങിയ സവിശേഷതകളോടെയാണ് സ്റ്റേഡിയം നിർമിക്കുക. കണക്കുകൂട്ടുന്ന നിർമാണച്ചെലവിന്റെ പകുതി തുക നിലവിൽ കടത്തിലായ ക്ലബ് എങ്ങനെ ഇതിന് പണം കണ്ടെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പരിസരത്ത് 17,000 വീടുകളടക്കം മറ്റു സൗകര്യങ്ങളുമുയരും. 2006 മുതൽ കാര്യമായ നവീകരണ പ്രവൃത്തികൾ നടക്കാത്ത ഓൾഡ് ട്രാഫോഡിൽ ചോർച്ചയുൾപ്പെടെ പരാതികൾ വ്യാപകമാണ്. ഖത്തർ ലോകകപ്പിന്റെ പ്രധാന വേദിയായ ലുസൈൽ, ഇംഗ്ലണ്ടിലെ വെംബ്ലി തുടങ്ങിയ മുൻനിര മൈതാനങ്ങൾ നിർമിച്ച ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് ഇതും ഒരുക്കുക.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/RqWx3YF