യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നായിരുന്നു ചെൽസിയുടെ കിരീടധാരണം. 65ാം മിനുട്ട് മുതൽ ഇഞ്ചുറി ടൈം വരെ നാല് ഗോളുകളാണ് ചെൽസി അടിച്ചെടുത്തത്. 2021 ൽ ആരംഭിച്ച ലീഗിൽ ചെൽസിയുടെ കന്നികിരീടമാണിത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇസ്‌കോയുടെ അസിസ്റ്റില്‍ അബ്ദെ എസ്സാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചെൽസി 65-ാം മിനിറ്റിൽ അർജന്‍റീനൻ താരം എൻസോ ഫെർണാണ്ടസിലൂടെ സമനില പിടിച്ചു. 70 -ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് പാമറായിരുന്നു. ശേഷം 83-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയും ഇഞ്ചുറി ടൈമിൽ കഓസൊദേയും ഗോൾ നേടിയതോടെ 4 -1 ന്റെ ജയം നേടാൻ ചെൽസിക്കായി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ