മെസ്സിക്കൊപ്പം പന്തുതട്ടാൻ മുൻ സഹതാരവും? ഡി ബ്രൂയിനെക്കു പകരം മയാമി നോട്ടമിടുന്നത് മുൻ അർജന്റൈൻ താരത്തെ…
ന്യൂയോർക്ക്: ഇന്റർ മയാമിയിൽ സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടാൻ അർജന്റൈൻ ടീമിലെ മുൻ സഹതാരവും? അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയയെ ടീമിൽ എത്തിക്കാൻ മയാമി നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ താരമാണ് ഡി മരിയ. നേരത്തെ, ബെൽജിയം മധ്യനിര താരം കെവിൻ ഡിബ്രൂയിനെ ക്ലബിലെത്തിക്കാൻ മയാമി ചരടുവലിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2024-25 സീസണൊടുവിൽ മഞ്ചസ്റ്റർ സിറ്റി വിടുമെന്ന് കെവിൻ പ്രഖ്യാപിച്ചിരുന്നു. താരം ശമ്പളത്തിലും മറ്റും വിട്ടുവീഴ്ചക്ക് തയാറായാൽ മാത്രമേ മയാമിക്ക് താരത്തെ ക്ലബിലെത്തിക്കാനാകു.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് 33കാരനായ ഡിബ്രൂയിൻ. ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായി സീസണൊടുവിൽ ഫ്രീ ഏജന്റായി മാറുന്ന ഡി ബ്രൂയിനെ സ്വന്തമാക്കാനായിരുന്നു മയാമിയുടെ നീക്കം. താരം അതിനു തയാറായില്ലെങ്കിൽ, പകരം ഡി മരിയയെ ടീമിലെടുക്കാനാണ് മയാമിയുടെ പുതിയ നീക്കം. മെസ്സിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സീസണൊടുവിൽ ക്ലബുമായുള്ള ഡി മരിയയുടെ കരാർ അവസാനിക്കും. 37 കാരനായ ഡി മരിയയും മെസ്സിയും അർജന്റൈൻ ടീമിൽ മാത്രമല്ല, ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരുമിച്ച് ഇറങ്ങിയ 141 കളികളിൽ 16 ഗോളുകളാണ് ഇരുവരും നേടിയത്.
അർജന്റീനക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സീമ കിരീടനേട്ടങ്ങളിൽ ഡി മരിയ പങ്കാളിയായിട്ടുണ്ട്. ഫൈനലിസ്സീമയിലും 2021 കോപ്പ, 2022 ലോകപ്പ് ഫൈനലുകളിലും മരിയ ഗോൾ നേടിയിരുന്നു. നാല് ലോകകപ്പുകളിലും ആറു കോപ്പ അമരേക്ക ടൂർണമെന്റുകളിലും പങ്കെടുത്തു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ