ബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലുപ്പവും ഭാരവുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്ത ഫോറൻസിക് വിദഗ്ധന്റെ മൊഴി. ശരാശരി മനുഷ്യ ഹൃദയത്തിന്റെ ഭാരം 250-300 ഗ്രാമാണ്.
എന്നാൽ, മറഡോണയുടെ ഹൃദയത്തിന്റെ ഭാരം 503 ഗ്രാമായിരുന്നു. സിറോസിസ് ബാധിതനുമായിരുന്നു അദ്ദേഹം. അതേസമയം, മരണസമയത്ത് ഡീഗോയുടെ ശരീരത്തിൽ ആൽക്കഹോളിന്റെയോ മയക്കുമരുന്നിന്റെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഫോറൻസിക് വിദഗ്ധൻ അലജാന്ദ്രോ ഇസക്വീൽ വെഗ കോടതിയെ ബോധിപ്പിച്ചു. രക്തയോട്ടത്തിന്റെയും ഓക്സിജന്റെയും കുറവുമൂലം ദീർഘകാലമായി ഇസ്കേമിയ ബാധിച്ചിരുന്നു മറഡോണക്ക്. ഹൃദയാഘാതം മൂലം ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതാണ് (പൾമണറി എഡിമ) മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
തലച്ചോറിനും തലയോട്ടിക്കും ഇടയിൽ രൂപപ്പെട്ട ഹെമറ്റോമക്ക് ശസ്ത്രക്രിയക്ക് വിധേയനായ ദിവസങ്ങൾക്കു ശേഷം 2020 നവംബർ 25ന് വീട്ടിൽവെച്ചാണ് മറഡോണ മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കേസിൽ മെഡിക്കൽ സംഘത്തിലെ ഏഴുപേർ വിചാരണ നേരിടുകയാണ്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/kf9hPx6