കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവരുമായി സജീവ ചർച്ച നടത്തുന്നുണ്ട്. ഉചിതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും അതിന്‍റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എത്രയും വേഗം പരിഹരിക്കാനും വരാനിരിക്കുന്ന സീസണിൽ പ്രശ്നങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.
മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അപേക്ഷ നിരസിക്കപ്പെട്ട ക്ലബുകൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ നൽകാനും ദേശീയ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവ് തേടാനും അവസരമുണ്ട്. മറ്റു ഐ.എസ്.എൽ ക്ലബുകളായ ഒഡിഷ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഹൈദരാബാദ് എഫ്.സി, മുഹമ്മദൻ സ്പോർട്ടിങ് ക്ലബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാനായിട്ടില്ല.
പഞ്ചാബ് എഫ്.സിക്ക് മാത്രമാണ് ഒരു ഉപാധികളുമില്ലാതെ ലൈസൻസ് ലഭിച്ചത്. ഐ.എസ്.എൽ ചാമ്പ്യന്മാരും ലീഗ് ഷീൽഡ് ജേതാക്കളുമായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ് എഫ്.സി, ഈസ്റ്റ് ബംഗാൾ, എഫ്.സി ഗോവ, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ഝംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ക്ലബുകൾക്കും ഉപാധികളോടെയാണ് ലൈസൻസ് ലഭിച്ചത്.
ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബുകൾക്ക് എ.എഫ്.സി ക്ലബ് മത്സരങ്ങളിലും ഐ.എസ്.എല്ലിലും പങ്കെടുക്കാനാകു. എ, ബി മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനാണ് ഈ ക്ലബുകൾക്കെല്ലാം ലൈസൻസ് നിഷേധിച്ചതെന്ന് എ.ഐ.എഫ്.എഫ് പത്രക്കുറിപ്പിൽ അറിയിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ