ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാർ പുതുക്കി കൗമാരതാരം ലാമിൻ യമാൽ. സീസണൊടുവിൽ കരാർ അവസാനിക്കാനിരിക്കെയാണ് കാറ്റാലൻ ക്ലബുമായി ആറു വർഷത്തേക്ക് പുതിയ കരാറിലെത്തിയത്. ഇതോടെ 2031 വരെ 17കാരൻ ബാഴ്സയിൽ തുടരും.
സീസണിൽ ബാഴ്സയുടെ അഭ്യന്തര ട്രെബ്ൾ കിരീട നേട്ടത്തിൽ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. 2023ൽ 15ാം വയസ്സിലാണ് യമാൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലാ ലിഗയിൽ 55 മത്സരങ്ങളിൽനിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കീരിടങ്ങൾ നേടി ടീം കരുത്തു തെളിയിച്ചു. ക്ലബ് പ്രസിഡന്‍റ് ജൊവാൻ ലപോർട്ട, സ്പോർട്ടിങ് ഡയറക്ടർ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാൽ ക്ലബുമായുള്ള കരാർ പുതുക്കിയത്.
ജൂലൈയിൽ 18 വയസ്സ് പൂർത്തിയാകുന്ന യമാൽ, ബാഴ്സക്കായി 100 മത്സരങ്ങൾ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 115 മത്സരങ്ങളിൽനിന്ന് 25 ഗോളുകളാണ് താരം നേടിയത്. ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന്‍റെ പേരിലാണ്. സ്പെയിൻ ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചു. 2024 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം നേടിയ സ്പെയിൻ ദേശീയ ടീമിലും അംഗമായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിലാണ് ബാഴ്സ പുറത്തായത്. ഇത്തവണത്തെ ബാലൻ ഡി ഓർ സാധ്യത പട്ടികയിലും താരം മുന്നിലുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ