ഫുട്ബാൾ ലീഗുകളിൽ തുടർച്ചയായി ഒരു ടീം അഞ്ചും ആറും തവണ കിരീടം നേടുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാൽ, ഒരു ടീം തുടർച്ചയായി 23 തവണ ചാമ്പ്യന്മാരാകുന്നത് അദ്ഭുതം തന്നെയാണ്. ബോസ്നിയ ആൻഡ് ഹെർസഗോവിന വനിത പ്രീമിയർ ലീഗിൽ എസ്.എഫ്.കെ 2000 സരയാവോ ക്ലബാണ് ഈ നേട്ടം കൈവരിച്ചത്.
ടീം ആദ്യമായി ലീഗ് കിരീടം നേടുമ്പോൾ ഇന്ന് ടീമിലുള്ള പകുതിയിലധികം താരങ്ങളും ജനിച്ചിട്ടുപോലുമില്ല. ലീഗിലെ തന്നെ എമിന ക്ലബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് സരയാവോ തങ്ങളുടെ 23ാം ലീഗ് കിരീടം ഉറപ്പിച്ചത്. ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ഒന്നാംനിര വനിത ലീഗിന്‍റെ ചരിത്രത്തിൽ ഇതുവരെയുള്ള 24 സീസണുകളിൽ 23 തവണയും സരയാവോയാണ് ജേതാക്കളായത്. ടീം നേരത്തെ തന്നെ ഗിന്നസ് റെക്കോഡ് നേടിയിരുന്നു.
പ്രഥമ സീസണിൽ എൻ.കെ ഇസ്‌ക്ര ബുഗോയ്നോയാണ് കിരീടം നേടിയത്. ’ഈ നേട്ടത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ബോസ്നിയയിലും ഈ മേഖലയിലും വനിതാ ഫുട്ബാളിനോടുള്ള കാഴ്ചപ്പാട് ഞങ്ങൾ മാറ്റിമറിച്ചു, കാരണം ഞങ്ങളുടെ മത്സരഫലം നോക്കു, ബോസ്നിയയിലെ ഏറ്റവും വിജയകരമായ ഫുട്ബാൾ ക്ലബാണ് ഞങ്ങൾ. വനിതാ ഫുട്ബാൾ ക്ലബ് മാത്രമല്ല, ഏറ്റവും വിജയകരമായ ഫുട്ബാൾ ക്ലബ്’ -സരയാവോ ക്ലബ് സെക്രട്ടറി ജനറൽ അസ്ര നുമാനോവിച് പറഞ്ഞു.
2000ത്തിൽ സമീറ ഹുറേമാണ് ക്ലബ് രൂപവത്കരിച്ചത്. അവർ തന്നെയാണ് നിലവിൽ ക്ലബിന്‍റെ പ്രസിഡന്‍റും മുഖ്യ പരിശീലകയും. നുമാനോവിച്ചും സമീറയും ക്ലബിന്‍റെ മുൻ താരങ്ങൾ കൂടിയാണ്. ഇത്തവണ 21 പോയന്‍റ് ലീഡിലാണ് ക്ലബ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എമീന തുടർച്ചയായ ആറാം തവണയാണ് ലീഗിൽ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ