പ്രീമിയർ ലീഗ് കിരീടം ചൂടിയ ലിവർപൂൾ ടീമംഗങ്ങളോടൊപ്പം സെൽഫി എടുക്കുന്ന മുഹമ്മദ് സലാഹ്
ലണ്ടൻ: ആദ്യ രണ്ട് സ്ഥാനങ്ങൾ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി നാളെ കൊട്ടിക്കലാശം. ഓരോ ഗോളും നിർണായകമാകുകയും നെഞ്ചിടിപ്പ് ഉയരുകയും ചെയ്യുന്ന കിടിലൻ അങ്കങ്ങൾക്കാണ് ഞായറാഴ്ച രാത്രി ഇംഗ്ലീഷ് മണ്ണിലെ 10 വേദികളിൽ അരങ്ങുണരുക. തുടക്കം മുതൽ ലീഡ് നിലനിർത്തി ആർനെ സ്ലോട്ടിന്റെ ചെമ്പട കിരീടധാരണം നേരത്തെ പൂർത്തിയാക്കി ക്കഴിഞ്ഞു. 71 പോയന്റുമായി ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. പ്രീമിയർ ലീഗിൽനിന്ന് ചാമ്പ്യൻസ് ലീഗിലേക്ക് അഞ്ച് ടീമുകളുണ്ടാകുമെന്നതിനാൽ അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകളാണുള്ളത്.
വൻവീഴ്ചകളുമായി ഒരു ഘട്ടത്തിൽ ഏറെ പിറകിലായിരുന്ന സിറ്റി 68 പോയന്റുമായി നിലവിൽ മൂന്നാമതാണ്. തുല്യ പോയന്റുള്ള ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല എന്നിവയാണ് നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ- എല്ലാവർക്കും 66 പോയന്റ്. ഒരു പോയന്റ് കുറഞ്ഞ് ഏഴാമതുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനുമുണ്ട് സാധ്യത.
സിറ്റിക്ക് ഫുൾഹാമുമായി അവരുടെ തട്ടകത്തിലാണ് പോരാട്ടം. മികച്ച ഗോൾശരാശരിയുള്ള ടീമിന് ഒരു സമനില നേടിയാൽ ആദ്യ അഞ്ചിൽ ഇടമുറപ്പിക്കാം. തുല്യ പോയന്റുകാരിൽ ന്യൂകാസിൽ, ചെൽസി ടീമുകൾ ഗോൾ ശരാശരിയിൽ മുന്നിലായതിനാൽ ജയിച്ചാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കും. വില്ലക്ക് ജയം മാത്രം പോരാ, പോയന്റിൽ ഒപ്പം നിൽക്കുന്ന രണ്ടുപേർ തോൽക്കുകയോ സമനിലയിലാവുകയോ വേണം.
ചെൽസിക്കാണ് നിലവിൽ ഏറ്റവും കടുത്ത പോരാട്ടം- നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ. ഫോറസ്റ്റിന് ചെൽസിയെ തോൽപിച്ചാൽ മാത്രം പോരാ ന്യൂകാസിൽ, വില്ല ടീമുകളിലൊരാൾ തോൽക്കുകയോ സമനിലയിലാവുകയോ വേണം. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തലിനരികെയായിരുന്ന ഫോറസ്റ്റിന് ആദ്യ അഞ്ചിലെത്താനായാൽ തകർപ്പൻ തിരിച്ചുവരവാകും. ആറാമന്മാർക്ക് യൂറോപ ലീഗിൽ കളിക്കാമെന്നത് മാത്രമാണ് ആശ്വാസം.
കൂടുവിട്ട് താരനിര
സീസണോടെ പടിയിറങ്ങുന്ന പ്രമുഖരിൽ മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കെവിൻ ഡി ബ്രുയിൻ തന്നെ ഒന്നാമത്. കഴിഞ്ഞ ചൊവ്വാഴ്ച ഇത്തിഹാദിൽ നടന്ന മത്സരത്തിൽ താരത്തിന് യാത്രയയപ്പ് വികാരനിർഭരമായിരുന്നു. താരം നാളെ ഇറങ്ങിയേക്കും. ലിവർപൂൾ വെറ്ററൻ താരം ട്രെന്റ് അലക്സാണ്ടർ ആർണൾഡ് ഫ്രീ ട്രാൻസ്ഫറിൽ ടീം വിടുകയാണ്. ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനെതിരെയാകും താരത്തിന് വിടവാങ്ങൽ മത്സരം.
വിക്ടർ ലിൻഡ് ലോഫ്, ക്രിസ്റ്റ്യൻ എറിക്സൻ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ജോർജിഞ്ഞോ, കീറൻ ടിയേർണി (ആഴ്സനൽ), അബ്ദുലെ ഡൗക്കോർ (എവർട്ടൺ), ലുക്കാസ് ഫാബിയൻസ്കി (വെസ്റ്റ് ഹാം) എന്നിവരും പടിയിറങ്ങുന്നവരാണ്. പരിശീലകരിൽ ടോട്ടൻഹാം കോച്ച് ആൻഗെ പോസ്റ്റികോഗ്ലുവിന്റെ തൊപ്പി തെറിച്ചേക്കും. ലെസ്റ്ററിൽ റൂഡ് വാൻ നിസ്റ്റൽ റൂയിയും വഴിപിരിയും.
കപ്പുയർത്താൻ ലിവർപൂൾ
പാലസിനെതിരെ സ്വന്തം കളിമുറ്റത്ത് അവസാന വിസിലിനു ശേഷമാകും ലിവർപൂൾ പ്രീമിയർ ലീഗ് കപ്പ് ഏറ്റുവാങ്ങുക. 28 ഗോളും 18 അസിസ്റ്റുമായി ബഹുദൂരം മുന്നിലുള്ള മുഹമ്മദ് സലാഹ് ഒരു ഗോളോ അസിസ്റ്റോ നൽകിയാൽ റെക്കോഡാകും. എന്നാൽ, അവസാന എട്ടു കളികളിൽ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മുൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് നാളെ ആൻഫീൽഡിലെത്തുന്നുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ