മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ലാമർ ടീമായ ജാംഷഡ്പുർ എഫ്.സിയുടെ മലയാളി താരം മുഹമ്മദ് ഉവൈസ് ഇനി പഞ്ചാബ് എഫ്.സിക്കായി പന്ത് തട്ടും. അടുത്ത മൂന്ന് വർഷത്തേക്കാണ് താരവുമായി പഞ്ചാബ് കരാർ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ ജാംഷഡ്പുരിനായി നടത്തിയ മിന്നും പ്രകടനമാണ് പഞ്ചാബിന് താരത്തെ കൂടാരത്തിലെത്തിക്കാൻ പ്രേരണയായത്.
മൂന്ന് വർഷം മുമ്പാണ് 26കാരനായ ഉവൈസ് ജാംഷഡ്പുരിന്റെ തട്ടകത്തിലെത്തിയത്. ടീമിന്റെ പ്രതിരോധത്തിലെ പകരംവെക്കാനില്ലാത്ത താരമെന്നത് ഉവൈസിനെ സംബന്ധിച്ച് ആലങ്കാരിക പ്രയോഗമായിരുന്നില്ല. ടീമിലെ ഏക ലെഫ്റ്റ് ബാക്ക് ഉവൈസായിരുന്നു.
ഈ സീസണിലെ എല്ലാ മത്സരങ്ങളിലും മുഴുസമയവും ജാംഷഡ്പുരിനായി ബൂട്ട് കെട്ടി. പ്രതിരോധ താരമായിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കി. സീസണിൽ അഞ്ച് തവണ ടീം ഓഫ് ദ വീക്കിൽ ഇടം പിടിക്കുകയും ഒരു തവണ കളിയിലെ താരമാവുകയും ചെയ്തു.
ഏത് സങ്കീർണ ഘട്ടങ്ങളെയും സമ്മർദങ്ങളില്ലാതെ നേരിടുന്നു എന്നതാണ് മറ്റു പ്രതിരോധ താരങ്ങളിൽനിന്ന് ഉവൈസിനെ വ്യത്യസ്തനാക്കുന്നത്. തികഞ്ഞ പന്തടക്കവും അസാമാന്യ മെയ്വഴക്കവും കൊണ്ട് ഉവൈസ് കാൽപന്താസ്വാദകരുടെ മനം കവർന്നു. ത്രോ ലൈനിൽനിന്ന് നീട്ടിയെറിയുന്ന പന്ത് എതിരാളികളുടെ ഗോൾമുഖത്ത് നിരന്തരം ഭീതി വിതച്ചു.
155 ലോങ് ത്രോകളാണ് ഈ സീസണിൽ മാത്രം ഉവൈസ് എറിഞ്ഞത്. അതിന്റെ ഫലമായി എട്ട് തവണ പന്ത് എതിരാളികളുടെ ഗോൾവലയെ ചുംബിച്ചു. ഈ സീസണിലെ കൃത്യതയാർന്ന പാസുകളുടെ ശതമാനം 80നടുത്താണ്.
ബാംഗ്ലൂർ എഫ്.സിയുമായുള്ള പോരാട്ടത്തിൽ ഉവൈസിന്റെ കാലിൽനിന്ന് പിറന്ന ഗോൾ അക്ഷരാർഥത്തിൽ കാണികളുടെ ഹൃദയം കവർന്നു. ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്ന കളിയുടെ 90ാം മിനിറ്റിൽ ജാംഷഡ്പുർ ഗോൾകീപ്പർ ആൽബിനോ ഗോമസ് നീട്ടിയടിച്ച പന്ത് ബാംഗ്ലൂരിന്റെ ഗോൾകൂടാരം ലക്ഷ്യമാക്കി നീങ്ങി.
പരിചയസമ്പന്നനായ ബാംഗ്ലൂർ ഗോളി ഗുർപ്രീത് സിങ് സമർഥമായി മുന്നോട്ടുകയറി പന്ത് ഇടതു കൈകൊണ്ട് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്തിനെ വലതു കാൽ കൊണ്ട് കുമ്പിളിലെന്നപോൽ കോരിയെടുത്ത ഉവൈസ് സമ്മർദങ്ങളേതുമില്ലാതെ 30 വാര അകലെയുള്ള പോസ്റ്റിലേക്ക് തളികയിലെന്നവണ്ണം വെച്ചുനീട്ടി. പ
ന്തിന്റെ ചടുലതയിൽ ഇന്ത്യൻ ടീമിന്റെ ഗോൾവല കാത്ത ഗുർപ്രീതിനും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ ഒരൊറ്റ ഗോൾ കൊണ്ട് ഉവൈസ് എതിരാളികളെപോലും ആരാധകരാക്കി മാറ്റി.
മലപ്പുറം നിലമ്പൂർ സ്വദേശിയായ ഉവൈസിന് പിതാവായ കമാലുദ്ദീൻ മോയിക്കൽ തന്നെയാണ് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. 2014ൽ ജൂനിയർ മലപ്പുറം ജില്ല ടീമിന് വേണ്ടി കളിച്ച് തുടങ്ങിയ ഉവൈസിന് അണ്ടർ 18 ഡൽഹി സുദേവ എഫ്.സിയെ നയിക്കാനുളള ഭാഗ്യമുണ്ടായി.
ഗോകുലം എഫ്.സി ഐ ലീഗിൽ കിരീടം ചൂടിയപ്പോൾ ടീമിന്റെ കരുത്തനായ സ്റ്റോപ്പർ ബാക്കായിരുന്നു ഉവൈസ്. ഒരു ഗോളും നാല് അസിസ്റ്റുകളും കൊണ്ട് ഗോകുലത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇനി ഇന്ത്യക്കുവേണ്ടി നീല ജഴ്സിയണിയുക എന്ന വലിയ സ്വപ്നമാണ് ഉവൈസിനുള്ളത്. സൽമത്താണ് മാതാവ്. മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഉമൈസ് എന്നിവർ സഹോദരങ്ങളാണ്. ഹന ഹാരിസാണ് ജീവിതപങ്കാളി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ