കാർലോ ആഞ്ചലോട്ടി ഇനി ബ്രസീൽ ദേശീയ ടീം പരിശീലകൻ; ഈ സീസണോടെ റയൽ വിടും
മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ റയൽവിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകും.
ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 നാണ് 65 കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക.
ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്‍ (സി.ബി.എഫ്) വേണ്ടി ഡീഗോ ഫെർണാണ്ടസ് നടത്തിയ ചർച്ചകളെ തുടർന്നാണ് റയൽ മാഡ്രിഡുമായി ഒത്തുതീർപ്പിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
ഡോറിവൽ ജൂനിയറിനെ മാർച്ച് മാസത്തിൽ പിരിച്ചുവിട്ടതിനെ തുടർന്നാണ് ആഞ്ചലോട്ടിയുടെ വരവ്. ജൂൺ ആറിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിൻ്റെ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ മത്സരം.

റയലിന്റെ ഏറ്റവും വിജയകരമായ മാനേജർമാരിൽ ഒരാളായിരുന്നു ആഞ്ചലോട്ടി. 2021 മുതൽ അദ്ദേഹത്തിന് കീഴിൽ റയൽ രണ്ട് സീസണുകളിലായി 15 ട്രോഫികളാണ് നേടിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഉൾപ്പെടെ ഇരട്ട കിരീടങ്ങളാണ് സ്വന്തമാക്കിയത്.
എന്നാൽ, റയലിന് ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ ആഴ്സനലിനോട് തോറ്റ് പുറത്തായി. കോപ്പ ഡെൽ റേയുടെ ഫൈനലിൽ ബാഴ്സലോണയോട് പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് തോറ്റതോടെ ലാലിഗയും കൈവിട്ടു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ