
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെതിരെ നഗരവൈരികളായ അത്ലറ്റികോ മഡ്രിഡിനുവേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത്തെ കിക്കെടുക്കാനെത്തിയത് യുവ സ്ട്രൈക്കർ ഹൂലിയൻ ആൽവാരസ്. റയലിന്റെ ആദ്യ കിക്കെടുത്ത കിലിയൻ എംബാപ്പെയും അത്ലറ്റികോയുടെ ആദ്യ കിക്കെടുത്ത അലക്സാണ്ടർ സൊർലോത്തും പന്ത് കൃത്യമായി വലയിലെത്തിച്ചിരുന്നു. റയലിനുവേണ്ടി രണ്ടാംകിക്കെടുത്ത ജൂഡ് ബെല്ലിങ്ഹാമും ലക്ഷ്യം കണ്ടു. ടീമിന്റെ രണ്ടാംകിക്കെടുക്കാൻ ആൽവാരസ് എത്തുമ്പോൾ സ്കോർ 2-1.
കിക്കെടുക്കാനാഞ്ഞ അർജന്റീനക്കാരൻ വീഴാൻ പോയെങ്കിലും പന്ത് കൃത്യമായി വലയിലേക്ക് അടിച്ചുകയറ്റി. റഫറി ഗോളും അനുവദിച്ചു. എന്നാൽ, റയൽ താരങ്ങൾ എതിർപ്പറിയിച്ചതോടെ വാർ പരിശോധന. ആൽവാരസിന്റേത് ‘ഡബിൾ ടച്ചാ’ണെന്ന് വാറിന്റെ വിധി. വലത് കാലുകൊണ്ട് കിക്ക് എടുക്കും മുമ്പ് താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയതായി വാറിലെ കണ്ടെത്തൽ. തുടർന്ന് ഗോൾ അനുവദിക്കപ്പെട്ടില്ല. വിവാദ തീരുമാനത്തിന്റെ ആനുകൂല്യത്തിൽ ഷൂട്ടൗട്ടും മത്സരവും വരുതിയിലാക്കി റയൽ മഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.
എന്നാൽ, തങ്ങളുടെ പ്രതീക്ഷകളത്രയും തച്ചുടച്ച വിവാദ വിധിയിൽ അത്ലറ്റികോ ആരാധകർക്ക് രോഷമടക്കാനാവുന്നില്ല. സമൂഹ മാധ്യമങ്ങളിൽ അവർ റഫറിമാരുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്. റയലിനെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആ തീരുമാനമെന്ന് പല ആരാധകരും കുറിക്കുന്നു. അഴിമതിയും വഞ്ചനയുമാണിതെന്നായിരുന്നു ഭൂരിഭാഗം ആരാധകരുടേയും കുറ്റപ്പെടുത്തൽ.
‘ഈ അഴിമതിയുമായി പൊരുതി നിൽക്കാനാവില്ല. എന്തുകൊണ്ടാണ് പെനാൽറ്റി വീണ്ടും എടുക്കാതിരുന്നത്?’ -ഒരു ആരാധകന്റെ ചോദ്യം ഇതായിരുന്നു. ‘കർത്താവേ, എങ്ങനെയാണ് അവർ അത് കണ്ടത്? പന്ത് അനങ്ങുന്നത് ഞാൻ കണ്ടില്ല’, ‘വിനീഷ്യസ് ജൂനിയറിന്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ മുഴുവൻ റയൽ മഡ്രിഡ് താരങ്ങളും തയാറാവുകയായിരുന്നു’, ‘ഞാൻ പത്തിലധികം തവണ ആൽവാരസിന്റെ പെനാൽറ്റി കണ്ടു, അവന്റെ കാൽ പന്തിൽ കൊണ്ടിട്ടില്ല. അത്ലറ്റികോയെ ചതിക്കുകയായിരുന്നു’, ‘ആയിരക്കണക്കിന് കാമറകൾക്ക് മുന്നിൽ പകൽവെളിച്ചത്തിൽ നടന്ന കൊള്ളയാണിത്’, ‘പെരസ് ഒരിക്കൽകൂടി റഫറിക്ക് പണം കൊടുത്ത് കളി വരുതിയിലാക്കി’, ‘ഇങ്ങനെയാണ് അവർ ചാമ്പ്യൻസ് ലീഗ് കുത്തകയാക്കുന്നത്’, ‘തീർച്ചയായും കൊള്ളയാണിത്, വാർഡ്രിഡ് അവരുടെ പാപങ്ങൾക്ക് വിലയൊടുക്കേണ്ടി വരും’….തുടങ്ങി കടുത്ത രോഷത്തിലാണ് അത്ലറ്റികോ ആരാധകരുടെ പ്രതികരണങ്ങൾ.
അതേസമയം, ഐ.എഫ്.എ.ബി (ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ്) നിയമം 14.1 വകുപ്പ് പ്രകാരം പെനാൽറ്റി കിക്കുകളിൽ ‘മറ്റൊരു കളിക്കാരൻ സ്പർശിക്കുന്നതുവരെ കിക്കർ പന്ത് വീണ്ടും കളിക്കാൻ പാടില്ല’ എന്നാണുള്ളത്. ഇതുപ്രകാരം ഒരു തവണ പന്ത് തൊട്ടാൽ പിന്നീട് കിക്കെടുക്കാൻ പാടില്ല. ഈ നിയമം അനുസരിച്ചാണ് ആൽവാരസിന്റെ ഗോൾ റദ്ദാക്കിയത്.
‘ട്രോൾ പ്രതിഷേധ’വുമായി സിമിയോണി
അത്ലറ്റികോ കോച്ച് ഡീഗോ സിമിയോണി തീരുമാനത്തിനെതിരെ ട്രോൾ രൂപത്തിലാണ് പ്രതിഷേധിച്ചത്. ‘പെനാൽറ്റി കിക്കിൽ വാർ വിളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. കൊള്ളാം, പന്ത് ഹൂലിയൻ രണ്ടു തവണ സ്പർശിച്ചുവെന്ന് അവർ കണ്ടുകാണും. അവർ അത് കണ്ടുവെന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’. വാർത്താസമ്മേളനത്തിൽ ‘ആൽവാരസ് രണ്ടു തവണ പന്ത് തൊട്ടത് കണ്ടവർ കൈ ഉയർത്തൂ’ എന്ന് പറഞ്ഞ സിമിയോണി ആരും കൈ ഉയർത്താതിരുന്നപ്പോൾ മാധ്യമപ്രവർത്തകരും അത് കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തങ്ങൾ അക്കാര്യം സശയിച്ചപ്പോൾ വാറിൽ അത് കൃത്യമായി കണ്ടെത്തിയെന്നായിരുന്നു റയൽ മഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടിയുടെ പ്രതികരണം.
ഉദ്വേഗത്തിനൊടുവിൽ റയൽ
ഉദ്വേഗത്തിന്റെ മുൾമുനയിലേറിയ കളിയിൽ അത്ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നത്. രണ്ടാംപാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡ് 1-0ന് മുന്നിലെത്തിയെങ്കിലും ആദ്യപാദത്തിൽ റയൽ നേടിയ 2-1ന്റെ വിജയത്തിന്റെ പിൻബലത്തിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി റയലിനെ ഞെട്ടിക്കുകയായിരുന്നു അത്ലറ്റിക്കോ. കൊണോർ ഗലാഗർ ആണ് തുടക്കത്തിൽ തന്നെ ടീമിന് മുൻതൂക്കം നൽകിയത്. ഗോൾ വീണതോടെ ഇരുപാദങ്ങളിലുമായി സമനിലയിലായ കളിയിൽ മുന്നേറ്റമുണ്ടാക്കാൻ മഡ്രിഡ് ടീമുകൾ നിരന്തരം പരിശ്രമിച്ചു.
70-ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് പുറത്തേക്ക് പറന്നു. തുടർന്ന് എക്സ്ട്രാടൈമിൽ ഗോൾ വീഴാതെ പോയതോടെ വിധിനിർണയം ഷൂട്ടൗട്ടിലേക്ക്.
വാറിന്റെ വിധിയിൽ വീണ് അത്ലറ്റികോ
റയലിന്റെ ആദ്യ കിക്കെടുത്ത എംബാപ്പെയും രണ്ടാംകിക്കെടുത്ത ജൂഡ് ബെല്ലിങ്ഹാമും പന്ത് വലയിലാക്കി. അത്ലറ്റിക്കോയുടെ ആദ്യ കിക്ക് സോർലോത്ത് ഗോളാക്കി. രണ്ടാംകിക്കെടുത്ത ഹൂലിയൻ ആൽവാരസ് പന്ത് വലയിലെത്തിച്ച ശേഷമാണ് ഡബിൾ ടച്ചാണെന്ന വിധിയിൽ വാർ എതിരായത്. ഇതോടെ സ്കോർ 2-1.
റയലിനായി അടുത്ത കിക്കെടുത്ത വാൽവെർഡെ ലക്ഷ്യംകണ്ടു. സ്കോർ 3-1. അത്ലറ്റിക്കോക്ക് വേണ്ടി കിക്കെടുത്ത കൊറേയ സ്കോർ 3-2 ആക്കി. റയലിന്റെ വാസ്കസിന്റെ കിക്ക് ഗോളി ഒബ്ലാക്ക് തട്ടിയകറ്റിയതോടെ അത്ലറ്റിക്കോക്ക് നേരിയ പ്രതീക്ഷ. എന്നാൽ, അടുത്ത കിക്കെടുത്ത അത്ലറ്റിക്കോയുടെ യോറെന്റെയുടെ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക്. റയലിന്റെ അടുത്ത കിക്ക് റൂഡിഗർ കൃത്യമായി വലയിലാക്കിയതോടെ 4-2 സ്കോറിൽ ജയം.
ആഴ്സനലാണ് ക്വാർട്ടർ ഫൈനലിൽ റയലിന്റെ എതിരാളികൾ. ആദ്യപാദ മത്സരം ഏപ്രിൽ എട്ടിന് മഡ്രിഡിലും രണ്ടാംപാദം ഏപ്രിൽ 15ന് ലണ്ടനിലും നടക്കും.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/MjhoOx3