കോഴിക്കോട്: ഐ ലീഗ് സീസണിൽ രണ്ടു മത്സരം മാത്രം ബാക്കിയുള്ള ഗോകുലം കേരള എഫ്.സി ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ശ്രീനിധി ഡെക്കാനെ നേരിടും. അവസാന എവേ മത്സരത്തിൽ എസ്.സി ബംഗളൂരുവിനെ 2-1ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ്. ഐ ലീഗ് ചാമ്പ്യന്മാരാവുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും സീസണിന്റെ പകുതിയിൽ നേരിട്ട ചില തോൽവികൾ തിരിച്ചടിയാവുകയായിരുന്നു. 20 മത്സരം പൂർത്തിയായപ്പോൾ പത്ത് ജയം, നാലു സമനില, ആറു തോൽവി എന്നിവ ഉൾപ്പെടെ 34 പോയന്റുള്ള ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരുമായി നാലു പോയന്റന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇന്ന് ജയിച്ചാൽ ടീമിന് നേരിയ കിരീടപ്രതീക്ഷയുണ്ട്.
ശ്രീനിധി ഡെക്കാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-2ന് മലബാറിയൻസ് ജയിച്ചിരുന്നു. അതിനാൽ ഹോം മത്സരം മലബാറിയൻസിന് വിജയപ്രതീക്ഷ നൽകുന്നുണ്ട്. വിദേശ താരം താബിസോ ബ്രൗണിന്റെ മികച്ച ഫോമിന്റെ കരുത്തിലായിരുന്നു അവസാന മത്സരങ്ങളിൽ ഗോകുലം ജയിച്ചുകയറിയത്. അവസാനമായി കളിച്ച മൂന്ന് മത്സരത്തിൽ നാലു ഗോളുകൾ നേടിയ താബിസോ ഗോകുലത്തിന്റെ യാത്രയിൽ നിർണായക സാന്നിധ്യമാണ്. കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.��
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/qUSJAuK