
കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നു
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആതിഥേയരും പോയന്റ് പട്ടികയിലെ 12ാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരം 1-1ൽ അവസാനിച്ചു.
ഏഴാം മിനിറ്റിൽ ഡസൻ ലഗേറ്റർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചെങ്കിലും 45ാം മിനിറ്റിൽ മലയാളി താരം കെ. സൗരവിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 52ാം മിനിറ്റിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. അഞ്ചാം മിനിറ്റിൽ കൊറോവൂ സിങ്ങിന്റെ ക്രോസിൽ ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് മുഹമ്മദ് അയ്മന്റെ ഷോട്ട് പിഴച്ചു. പിന്നാലെ ഗോളെത്തി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിൽ അയ്മൻ നൽകിയ ക്രോസ്. ക്ലോസ് റേഞ്ചിൽ നിന്ന ലഗാറ്റർ വലതുമൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. ശേഷം ഇരുഭാഗത്തും ഫ്രീ കിക്കുകൾ. 18ാം മിനിറ്റിൽ ഗോൾ മടക്കാൻ അലൻ പൗളിസ്റ്റ നടത്തിയ ശ്രമം ബ്ലാസ്റ്റേഴ്സ് പ്രതിരോധം ചെറുത്തു. 44ാം മിനിറ്റിൽ അയ്മന്റെ തന്നെ അസിസ്റ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബോക്സിന്റെ മധ്യത്തിൽ നിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ട് ഗോളി രക്ഷപ്പെടുത്തി. വൈകാതെ മറുപടി ഗോൾ. കണ്ണൂർക്കാരൻ സൗരവിന്റെ മനോഹര ബൈസിക്കിൾ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പറന്നെത്തി.
രണ്ടാപകുതി തുടങ്ങി 47ാം മിനിറ്റിൽ നോഹ സദോയിയുടെ ഗോൾ ശ്രമവും രക്ഷപ്പെടുത്തിയതോടെ ലീഡ് പിടിക്കാനുള്ള മറ്റൊരു അവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടം. 50ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ഏരിയയിൽ മലയാളി താരം അഭിജിത്തിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഗേറ്റർക്കും പിന്നാലെ ലൂണക്കും മഞ്ഞക്കാർഡ്. ആൻഡ്രെയ് ആൽബയാണ് പെനാൽറ്റി കിക്കെടുത്തത്. ഇത് ഗോളി നോറ ഫെർണാണ്ടസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തിയതോടെ മഞ്ഞപ്പടക്ക് ശ്വാസം വീണു. 62ാം മിനിറ്റിൽ അലക്സിലൂടെ ഹൈദരാബാദ് വീണ്ടും. ഗൊഡാർഡിന്റെ ക്രോസിൽ ബോക്സിൽ നിന്ന് അലക്സിന്റെ ഹെഡ്ഡർ ബ്ലാസ്റ്റേഴ്സ് ഗോളി സേവ് ചെയ്തു. 67ാം മിനിറ്റിൽ ആയുഷ് അധികാരി-സ്റ്റെഫാൻ സാപിക് സഖ്യത്തിന്റെ ശ്രമവും ചെറുത്തതോടെ ആതിഥേയർക്ക് പിന്നെയും നിരാശ. തൊട്ടടുത്ത മിനിറ്റിൽ ലൂണയുടെ ക്ലോസ് റേഞ്ച് ഷോട്ട് പാഴായി.
24 മത്സരങ്ങളിൽ ഇരു ടീമിനും യഥാക്രമം 29ഉം 18ഉം പോയന്റാണുള്ളത്. പ്ലേ ഓഫ് ചിത്രം ഇതിനകം വ്യക്തമായിട്ടുണ്ട്.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/eu96tl8