
ഒന്നര വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ ദേശീയ ടീം ജഴ്സിയിൽ കളിക്കാമെന്ന സൂപ്പർതാരം നെയ്മറിന്റെ മോഹങ്ങൾക്ക് വൻതിരിച്ചടി. പേശി പരിക്കിനെ തുടർന്ന് താരത്തെ കൊളംബിയക്കും അർജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽടീമിൽനിന്ന് ഒഴിവാക്കി.
കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകൻ ഡൊറിവാൾ ജൂനിയർ പ്രഖ്യാപിച്ച 23 അംഗ ടീമിൽ നെയ്മറും ഇടംപിടിച്ചിരുന്നു. മാർച്ച് 21ന് ബ്രസീലിയയിൽ കൊളംബിയയെ നേരിടുന്ന ബ്രസീൽ, 25ന് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സിയുടെ അർജന്റീനയുമായി ഏറ്റുമുട്ടും.
‘തിരിച്ചുവരവിന്റെ പടിവാതിൽക്കലായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്സി ധരിക്കാൻ ഇനിയും കാത്തിരിക്കണം. ഞങ്ങൾ ദീർഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ, നിലവിൽ റിസ്കും എടുക്കേണ്ടെന്നും പരിക്ക് പൂർണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ -നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജനുവരിയിൽ തന്റെ ബാല്യകാല ക്ലബായ സാന്റോസിൽ നെയ്മർ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാർച്ച് രണ്ടിനാണ് അവസാനമായി നെയ്മർ സാന്റോസിനായി കളിച്ചത്.
ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് സൗദിയിലെ അൽ-ഹിലാൽ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.
സൂപ്പർതാരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. താരത്തിന്റെ അഭാവത്തിൽ റയൽ മഡ്രിഡിന്റെ കൗമാരതാരം എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തി. ഗോൾ കീപ്പർ എഡേഴ്സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫൻഡർ ഡാനിലോക്കു പകരം ഫ്ലെമിംഗോയുടെ അലക്സ് സാൻഡ്രോയും ടീമിലെത്തി.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തപ്പിത്തടയുകയാണ് ടീം. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.
ബ്രസീൽ സ്ക്വാഡ്
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്റോ (അൽ-നസർ), ലൂക്കാസ് പെറി (ലിയോൺ)
പ്രതിരോധ താരങ്ങൾ: വാൻഡേഴ്സൺ (മൊണാക്കോ), വെസ്ലി, ലിയോ ഓർട്ടിസ്, അലക്സ് സാൻഡ്രോ (ഫ്ലെമിംഗോ), ഗബ്രിയേൽ മഗൽഹെസ് (ആഴ്സനൽ), മാർക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിങ്ഹാം ഫോറസ്റ്റ്), ഗിൽഹെം അരാന (അത്ലറ്റിക്കോ മിനെറോ).
മധ്യനിര താരങ്ങൾ: ആൻഡ്രി (വോൾവർഹാംപ്ടൺ), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ജോലിന്റൺ (ന്യൂകാസിൽ), നെയ്മർ (സാന്റോസ്).
മുന്നേറ്റ താരങ്ങൾ: എസ്താവോ (പാൽമീറസ്), ജോവോ പെഡ്രോ (ബ്രൈറ്റൺ), റാഫിഞ്ഞ (ബാഴ്സലോണ), റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ).
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JQzkpfq