കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഇന്ത്യ-ഹോങ്കോങ് ആദ്യപകുതി ഒപ്പത്തിനൊപ്പം. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്.
മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സൂപ്പർ താരം സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ മനോലോ മാർക്വേസ് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലാലിയൻസുവല ചാങ്തെയെ കൂടാതെ, മലയാളി താരം അഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ എന്നിവർ മുന്നേറ്റനിരയിൽ അണിനിരന്നു.
മൂന്നാം മിനിറ്റിൽ തന്നെ ഹോങ്കോങ്ങിനെ ആക്രമണം. ബ്ലേഡ റോഡ്രിഗസിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. പിന്നാലെ ഇന്ത്യയും മത്സരത്തിലേക്ക് തിരിച്ചെത്തി. 35ാം മിനിറ്റിൽ ആഷിഖിന് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കൊളാസോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം നഷ്ടപ്പെടുത്തിയത്.
മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഇന്ന് ജയം അനിവാര്യമാണ്. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്.
ഫിഫ റാങ്കിങ്ങിൽ 127ാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ അത്ര ആശാവഹമല്ല. ഈയിടെ തായ്‍ലൻഡിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്. 2024ൽ ഒരു ജയം പോലും നേടാനാവാതിരുന്ന ടീം ഈ വർഷം മാലദ്വീപിനെ മൂന്ന് ഗോളിന് തോൽപിച്ചതിൽപിന്നെ സമനിലയും തോൽവിയുമൊക്കെ തുടരുകയാണ്.
വിരമിക്കൽ പിൻവലിച്ച് സ്ട്രൈക്കർ സുനിൽ ഛേത്രി തിരിച്ചെത്തിയിട്ടും താളം കണ്ടെത്താനായിട്ടില്ല. 153ാം റാങ്കുകാരാണ് ഹോങ്കോങ്. ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ