കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിലെ കിരീട സാധ്യതകൾ വർധിപ്പിക്കാൻ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽ അങ്കം. ശ്രീഭൂമി എഫ്.സിയാണ് എതിരാളികൾ. അവസാനമായി നടന്ന എവേ മത്സരത്തിൽ ഹോപ്സ് ഫുട്ബാൾ ക്ലബിനോട് പരാജയപ്പെട്ടിരുന്നു ഗോകുലം.
തുടർച്ചയായ അഞ്ചു മത്സരങ്ങളിലെ ജയത്തിനു ശേഷമായിരുന്നു അപ്രതീക്ഷിത തോൽവി. സീസണിൽ ഒമ്പതു മത്സരം പൂർത്തിയാക്കിയ ഗോകുലം 20 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരത്തിൽ 24 പോയന്റുള്ള ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുമുണ്ട്.
ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ച് പോയന്റ് ടേബിളിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗോകുലം ഇറങ്ങുമ്പോൾ 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ‘‘അവസാന മത്സരത്തിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മത്സരത്തിൽ ജയിക്കാമായിരുന്നെങ്കിലും ചില പിഴവുകളാണ് വിനയായത്.
അവസാന മത്സരത്തിലെ പിഴവുകൾ പരിഹരിച്ചാകും ഇന്ന് ഇറങ്ങുക. ഹോം മത്സരത്തിലെ മൂന്ന് പോയന്റ് ഇന്ന് നേടുമെന്ന ആത്മവിശ്വാസം ഉണ്ട്’’-ഗോകുലം പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. വൈകീട്ട് 3.30 മുതലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യം.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/XsAzer3