
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകളുടെ വിദൂര പ്രതീക്ഷകളും ഇല്ലാതായി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി.
ഐക്കർ ഗുരോത്ക്സേന, മുഹമ്മദ് യാസിർ എന്നിവരാണ് ഗോവക്കായി വലകുലുക്കിയത്. മത്സരത്തിലുടനീളം ഗോവക്ക് തന്നെയായിരുന്നു മേൽക്കൈ. 46ാം മിനിറ്റിൽ ഡെജാൻ ഡ്രാസിക്കിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് പന്ത് ഗുരോത്ക്സേന വലയിലാക്കി. 73ാം മിനിറ്റിൽ യാസിർ ഗോവയുടെ രണ്ടാം ഗോൾ നേടി. ഇടതുപാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഗുരോത്ക്സേന നൽകിയ മനോഹര ക്രോസ് യാസിറിന് ഒന്നു തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.
ഗോളിലേക്കുള്ള മികച്ച നീക്കങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിനുള്ള വിദൂര സാധ്യതയുണ്ടായിരുന്നു. ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എന്നിവക്കെതിരെ രണ്ട് ഹോം മാച്ചുകളും ഹൈദരാബാദിനെതിരെ എവേ മത്സരവുമാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മൂന്നു മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കാനാകില്ല.
നിലവിൽ 21 മത്സരങ്ങളിൽനിന്ന് 24 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് 10ാം സ്ഥാനത്താണ്. ഗോവക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 42 പോയന്‍റും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/Hmoa8Os