തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്.
കൊച്ചി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. 37 പന്തിൽ 62 റൺസെടുത്താണ് സഞ്ജു പുറത്തായത്. അഞ്ചു സിക്സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 30 പന്തിലാണ് അർധ സെഞ്ച്വറി കുറിച്ചത്.
ട്രിവാൻഡ്രത്തിനായി സഞ്ജീവ് സതിരേശൻ തകർപ്പ്് അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 46 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ട്രിവാൻഡ്രം ബാറ്റിങ് തുടങ്ങിയത്. രണ്ടു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ വീണു. ഓപ്പണർ ഗോവിന്ദ് ദേവും റിയാ ബഷീറുമാണ് റണ്ണെടുക്കാതെ പുറത്തായത്. മൂന്നാം വിക്കറ്റിൽ നായകൻ കൃഷ്ണ പ്രസാദും സഞ്ജീവും ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റി. ഇരുവരും 74 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. 29 പന്തിൽ 36 റൺസെടുത്ത കൃഷ്ണ പ്രസാദിനെ പി.എസ്. ജെറിൻ മുഹമ്മദ് ആഷിഖിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ അബ്ദുൽ ബാസിത്തിനെ കൂട്ടുപിടിച്ച് സഞ്ജീവ് ടീം സ്കോർ 150 കടത്തി. തൊട്ടുപിന്നാലെ സഞ്ജീവ് പുറത്തായി. ആഷിഖിന്‍റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. എട്ടു പന്തിൽ 12 റൺസെടുത്ത നിഖിലിനെ ആഷിഖ് ബൗൾഡാക്കി.
അവസാന ഓവറിൽ ട്രിവാൻഡ്രത്തിന് ജയിക്കാൻ 20 റൺസാണ് വേണ്ടിയിരുന്നത്. 27 പന്തിൽ 41 റൺസെടുത്ത ബാസിത് റണ്ണൗട്ടായതോടെ ടീമിന്‍റെ വിജയ പ്രതീക്ഷയും മങ്ങി. ഒമ്പത് റൺസ് തോൽവി. കൊച്ചിക്കായി ആഷിഖ് രണ്ടും സാലി സാംസൺ, ജോബിൻ ജോബി, ജെറിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കായി ഓപ്പണർമാരായ സഞ്ജുവും വി. മനോഹരനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 68 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 26 പന്തിൽ 42 റൺസെടുത്ത മനോഹരനെ അബ്ദുൽ ബാസിത് എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകൻ സാലി സാംസൺ വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ ഒമ്പത് റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ആൽഫി ഫ്രാൻസിസ് ജോൺ (പൂജ്യം), ജോബിൻ ജോയ് (10 പന്തിൽ 26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നിഖിൽ 35 പന്തിൽ 45 റൺസെടുത്തും മുഹമ്മദ് ആഷിഖ് മൂന്നു പന്തിൽ ആറു റൺസെടുത്തും പുറത്താകാതെ നിന്നു.
ട്രിവാൻഡ്രത്തിനായി അഭിജിത്ത് പ്രവീൺ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ കൊച്ചിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ കഴിഞ്ഞ മത്സരത്തിൽ സഞ്ജു കളിച്ചിരുന്നില്ല. തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരെ അര്‍ധ സെഞ്ച്വറിയും കൊല്ലം സെയ്‌ലേഴ്‌സിനെതിരെ സെഞ്ച്വറിയും നേടിയിരുന്നു.
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…